Kerala
കാത്തിരിപ്പിന് വിരാമം; സഊദി എയര്‍ലൈന്‍സ് കോഴിക്കോട്-റിയാദ് സെക്ടറില്‍ ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും
പ്രവാസികളുടെ ദീര്‍ഘകാല മുറവിളിക്കാണ് അറുതിയാകുന്നത്. പ്രവാസികള്‍ക്കും ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കും ആശ്വാസം പകരുന്നതാണ് തീരുമാനം.
ദമാം | സഊദി എയര്‍ലൈന്‍സ്, കോഴിക്കോട്-റിയാദ് സെക്ടറില്‍ 2026 ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തിനു ശേഷം പ്രവാസികള്‍ക്കും ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കും ആശ്വാസം പകരുന്നതാണ് തീരുമാനം. വെബ്സൈറ്റിലും ട്രാവല്‍ ഏജന്‍സികള്‍ക്കും ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഇതിനകം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതോടെ, പ്രവാസികളുടെ ദീര്‍ഘകാല മുറവിളിക്കാണ് അറുതിയാകുന്നത്. നിലവില്‍ കരിപ്പൂരിലെ റണ്‍വേയില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ റിയാദ്-കോഴിക്കോട് റൂട്ടില്‍ പുതിയ എയര്‍ബസ് 320 വിമാനങ്ങളാണ് ഉപയോഗിക്കുക.
പുതിയ സര്‍വീസ് ഞായര്‍, ചൊവ്വ, വ്യാഴം, ശനി ഉള്‍പ്പെടെ നാല് ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടായിരിക്കുക. ആദ്യ ഘട്ടത്തില്‍ 188 സീറ്റുള്ള എയര്‍ ബസാണ് ഉപയോഗിക്കുക. മാര്‍ച്ച് മാസം മുതല്‍ ആഴ്ചയില്‍ ആറ് സര്‍വീസുകളും നടത്തും. സഊദി തലസ്ഥാനമായ റിയാദില്‍ നിന്നും പുലര്‍ച്ചെ 1.20ന് യാത്രതിരിക്കുന്ന വിമാനം രാവിലെ 8.35നാണ് കോഴിക്കോടെത്തി ചേരുക. തിരിച്ച് കോഴിക്കോട് നിന്നും രാവിലെ 9.45ന് പുറപ്പെട്ട് ഉച്ചക്ക് 12.50ന് റിയാദിലെത്തിച്ചേരും. ഏകദേശം 4.5 മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് യാത്രാ സമയം.
സഊദിയുടെ മറ്റ് നഗരങ്ങളില്‍ നിന്നും കണക്ഷന്‍ ടിക്കറ്റ് വഴി യാത്ര ചെയ്യാന്‍ കഴിയുന്നത് സര്‍വീസിന്റെ പ്രധാന സവിശേഷതയാണ്. പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകര്‍ക്ക് മറ്റ് രാജ്യങ്ങളുടെ കണക്ഷന്‍ വിമാനം ആശ്രയിക്കാതെ തന്നെ ജിദ്ദയില്‍ നിന്നും മദീനയില്‍ നിന്നും റിയാദ് വഴി യാത്രചെയ്യാന്‍ കഴിയുന്നത് ഏറെ ആശ്വാസമാണ് നല്‍കുന്നത്.




