സ്വകാര്യ ബസുകളിലെ അമിത ശബ്ദത്തിലുള്ള പാട്ട്: കര്‍ശന പരിശോധന വേണമെന്ന് കമ്മീഷന്‍

Posted on: February 10, 2018 10:00 am | Last updated: February 10, 2018 at 10:00 am

കൊച്ചി: സ്വകാര്യ ബസുകളില്‍ അസഹനീയമായ വിധത്തില്‍ സ്പീക്കറില്‍ പാട്ട് വെക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാന്‍ പ്രതേ്യക പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കയറാനാകാത്തവിധം സ്വകാര്യ ബസുകളില്‍ നിര്‍മിച്ചിട്ടുള്ള ചവിട്ടുപടികള്‍ ഒഴിവാക്കാനുള്ള നിര്‍ദേശം നിയമം വഴി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നിയമനിര്‍മാണം സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.

കമ്പനി നിര്‍മിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്ത ശേഷം പുതുതായി ഘടിപ്പിച്ച ഉപകരണങ്ങള്‍ അഴിച്ചുമാറ്റണം. എയര്‍ഹോണ്‍, മ്യൂസിക്‌ഹോണ്‍ എന്നിവ ഉപയോഗിക്കുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെ സുരക്ഷിത യാത്രക്ക് അസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള ബാധ്യത പോലീസിനും ഗതാഗത വകുപ്പിനുമുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കൊച്ചി ജനകീയ അനേ്വഷണ സമിതിക്ക് വേണ്ടി ടി എന്‍ പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.