Connect with us

National

നാലാം ഏകദിനം; ചരിത്രം തേടി ഇന്ത്യ

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര എന്ന ചരിത്ര നേട്ടത്തിനരികെയാണ് വിരാടും സംഘവും. ആദ്യ മൂന്ന് കളിയും ജയിച്ച്, ആറ് മത്സര പരമ്പരയില്‍ 3-0ന് മുന്നിലാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ 4-0ന് പരമ്പര സ്വന്തമാക്കി, ഐ സി സി ഏകദിന റാങ്കിംഗ് ഒന്നാം സ്ഥാനം ഉറപ്പിക്കാം ഇന്ത്യക്ക്.
2010-11 സീസണില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കൈവിട്ടിരുന്നു. 2-1ന് ലീഡെടുത്ത ശേഷം 2-3നായിരുന്നു ഇന്ത്യന്‍ തോല്‍വി.

ടെസ്റ്റ് പരമ്പര 2-1ന് അടിയറ വെച്ച ഇന്ത്യ അവസാന ടെസ്റ്റില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസം പിടിവിടാതെയാണ് കുതിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ തകര്‍പ്പന്‍ ഫോമാണ് ടീമിന്റെ നട്ടെല്ല്. ഒപ്പം കൈക്കുഴ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന കുല്‍ദീപ് യാദവും യുവേന്ദ്ര ചാഹലും മിന്നും ഫോമിലാണ്. പരമ്പരയില്‍ ഇന്ത്യ വീഴ്ത്തിയ 30 വിക്കറ്റുകളില്‍ 21ഉം ചാഹലും കുല്‍ദീപും പങ്കിട്ടു. റിസ്റ്റ് സ്പിന്നര്‍മാരെ എങ്ങനെ നേരിടുമെന്നറിയാതെ കുഴങ്ങുകയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍. എന്നാല്‍, നാലാം ഏകദിനത്തില്‍ മാന്ത്രിക സ്പിന്നര്‍മാരെ പെരുമാറി വിടുമെന്ന മുന്നറിയിപ്പാണ് ആതിഥേയ നിരയിലെ ആള്‍ റൗണ്ടര്‍ ക്രിസ് മോറിസ് നല്‍കിയത്. യുവ സ്പിന്നര്‍മാരെ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞു. വീഡിയോ കണ്ടതിന് ശേഷമാണ് ഇവര്‍ക്കെതിരെ പദ്ധതി തയ്യാറാക്കിയത് – മോറിസ് പറയുന്നു.
ചാഹലിനും കുല്‍ദീപിനും എതിരെ വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ല. എന്നാല്‍, വ്യത്യസ്തമായ തന്ത്രങ്ങളിലൂടെ അവരെ ആക്രമിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കും – മോറിസ് ഭീഷണി മുഴക്കുന്നു.
ഇന്ത്യന്‍ ടീം പരമ്പരയില്‍ മുന്നിലെത്തിയതില്‍ അത്ഭുതം കൂറാനൊന്നുമില്ല. മികച്ച ടീമാണത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും എല്ലാം മികച്ച കളിക്കാരാണ് ഇന്ത്യക്കുള്ളത്.

സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം നടത്തുന്ന ദിനമായ പിങ്ക് ഡേയാണ് ഇന്ന്. ഈ ദിനത്തില്‍ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം തോറ്റിട്ടില്ലെന്നും ആരോഗ്യമേഖലക്ക് വിജയത്തോടെ സന്ദേശം നല്‍കുവാന്‍ ടീം പരിശ്രമിക്കുമെന്നും ക്രിസ് മോറിസ് അഭിപ്രായപ്പെട്ടു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമായി വിരാട് കോഹ് ലി റെക്കോര്‍ഡിട്ടിരുന്നു. പന്ത്രണ്ട് സെഞ്ച്വറികളാണ് ക്യാപ്റ്റനായതിന് ശേഷം ഏകദിനത്തില്‍ നേടിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിരാട് മികച്ച ഫോമിലാണ്. തുടരെ രണ്ട് സെഞ്ച്വറികള്‍. ഈ ഫോമില്‍ ജോഹന്നസ്ബര്‍ഗിലും വിരാടിന്റെ ബാറ്റില്‍ നിന്ന് സെഞ്ച്വറി പ്രതീക്ഷിക്കാം. വിരാടിന് മറുപടി നല്‍കാന്‍ എബി ഡിവില്ലേഴ്‌സ് ടീമില്‍ തിരിച്ചെത്തിയത് മാത്രമാണ് ആതിഥേയര്‍ക്കുള്ള ആശ്വാസം. എന്നാല്‍, ഇന്ന് കളിക്കുമോ എന്നതില്‍ തീര്‍ച്ചയായിട്ടില്ല. ഡിവില്ലേഴ്‌സ് ആദ്യ ഇലവനില്‍ ഇടം പിടിച്ചാല്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ഡുമിനി നാലാം നമ്പറിലേക്ക് ഇറങ്ങും. ഡേവിഡ് മില്ലറോ ഖയാ സോന്‍ഡോയോ പുറത്താകും.

പിങ്ക് ഡേയില്‍ പിങ്ക് ജഴ്‌സിയില്‍ ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവും സന്തോഷിക്കുക ആരാധകരാണ്. ഡിവില്ലേഴ്‌സ് 2015 ലെ പിങ്ക് ഡേയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 44 പന്തില്‍ 149 റണ്‍സടിച്ചിരുന്നു. 2013 ലെ പിങ്ക് ഡേ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഡിവില്ലേഴ്‌സ് 47 പന്തില്‍ 77 റണ്‍സടിച്ചു. ഡിവില്ലേഴ്‌സ് തിരിച്ചുവരുന്നതും മറ്റൊരു പിങ്ക് ഡേ മത്സരത്തിലാണ്.

ജോഹന്നസ്ബര്‍ഗ് ഗ്രൗണ്ടില്‍ ഏഴ് ഏകദിന മത്സരങ്ങളാണ് ഇതുവരെ ഇന്ത്യ കളിച്ചത്. മൂന്ന് ജയം, നാല് തോല്‍വി. 2003 ലോകകപ്പ് ഫൈനലില്‍ ആസ്‌ത്രേലിയയോട് തോറ്റതും ഇതേ തട്ടകത്തില്‍.

 

Latest