ഇ ഗവണ്‍മെന്റ് മേഖലയില്‍ പുതിയ പദ്ധതികള്‍ വരുന്നു

Posted on: February 9, 2018 11:56 pm | Last updated: February 9, 2018 at 11:56 pm

ദോഹ: സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും എളുപ്പവും വേഗവും സൃഷ്ടിക്കുന്നതിനായി നടപ്പിലാക്കുന്ന ഇ ഗവണ്‍മെന്റ് മേഖലയില്‍ നൂതനമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി അധികൃതര്‍. ഫ്രം സ്റ്റാര്‍ട്ട് ടു എന്‍ഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൈ ഡാറ്റ, ദി കമ്യൂണിക്കേഷന്‍, മിസ് ഗേറ്റ്, ഓപണ്‍ ഡാറ്റ, ഖത്വര്‍ ഡിജിറ്റല്‍ സ്ട്രാറ്റജി 2020 എന്നീ പദ്ധതികളാണ് പുതുതായി നടപ്പിലാക്കുന്നത്. സര്‍ക്കാറിന്റെ ഇ ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴിയാണ് പദ്ധതികള്‍ ആവിഷ്ഷ്‌കരിക്കുന്നത്.

കതാറ സംഘടിപ്പിച്ച ടെക് ഫോറത്തിലാണ് പുതിയ പദ്ധതികള്‍ വിശദീകരിച്ചത്. ഗതാഗത, കമ്യൂണിക്കേഷന്‍ മന്ത്രാലയം, ഖത്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കംപ്യൂട്ടര്‍ സയന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി ഐ സി ടി വിദഗ്ധര്‍ പങ്കെടുത്തു. ഐ ടി രംഗത്ത് പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ഉണ്ടായ പുരോഗതികളും മാറ്റങ്ങളും ഫോറം വിശദമായ ചര്‍ച്ചക്കു വിധേയമാക്കി. സുസ്ഥിര വികസന രംഗത്തും ഭാവി അടിസ്ഥാനപ്പെടുത്തിയുള്ള വിവരാധാഷ്ഠിത വാണിജ്യ മേഖലയിലും ഐ ടി രഗം സൃഷ്ടിക്കുന്ന സ്വാധീനവും ചര്‍ച്ച ചെയ്തു. വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മികച്ച സാങ്കേതിക സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതന്ന് കതാറ ഓപറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ സായിദ് പറഞ്ഞു.

സാങ്കേതിക രംഗത്തെ മികവുകളും വികസനവും പങ്കുവെക്കുന്നതിനുള്ള വേദിയായാണ് കതാറ ടെക് ഫോറത്തെ പരിഗണിക്കുന്നത്. വ്യത്യസ്ത സ്ഥാപനങ്ങള്‍ തമ്മിലുള്ള ഐ ടി ഉപയോഗത്തിലെ വ്യത്യാസവും ഡിജിറ്റല്‍ ഇകോണമിയുടെ നിയമങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയതു. 2000 മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ പ്രധാന ഇ ഗവണ്‍മെന്റ് പദ്ധതികള്‍ ഇ ഗവണ്‍മെന്റ് പോര്‍ട്ടല്‍ മാനേജര്‍ താരിഖ് അല്‍ ഇമാദി വിശദീകരിച്ചു. സേവനങ്ങളും വിവരങ്ങളും നല്‍കുന്നതില്‍ പോര്‍ട്ടല്‍ ഒരു പോലെ ശ്രദ്ധ ചെലുത്തുന്നു. നൂറിലധികം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായും വകുപ്പുകളുമായാണ് പോര്‍ട്ട് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ 1380 സേവന വിശദീകരണങ്ങളും 700 ഇ സേവനങ്ങളുമാണ് നല്‍കുന്നത്. വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും പോര്‍ട്ടല്‍ സേവനങ്ങള്‍ നല്‍കുന്നു.

സാങ്കേതിക രംഗത്തെ നൂതന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇലക്‌ട്രോണിക് വിപണനമുള്‍പ്പെടെയുള്ള സേവനങ്ങള്‍ വരുന്നുണ്ടെന്ന് ഖത്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കംപ്യൂട്ടിംഗ് സയന്‍സ് റിസര്‍ച്ചര്‍ യാസീന്‍ ബോഷ്മാഫ് പറഞ്ഞു. കംപ്യൂട്ടര്‍ രംഗത്തുണ്ടായ വളര്‍ച്ചയും വികാസവും ടെക്‌നോ പോസിറ്റീവ് ടെക്‌നോളജി ഹിസ്റ്ററി സ്‌പെഷ്യലിസ്റ്റ് അബ്ദുര്‍ററഹ്മാന്‍ അല്‍ സുനൈദി വിശദീകരിച്ചു.