മാലദ്വീപ് പ്രതിസന്ധി: മോദിയും ട്രംപും ചര്‍ച്ച നടത്തി

Posted on: February 9, 2018 12:09 pm | Last updated: February 9, 2018 at 1:26 pm

മാലെ: മാലദ്വീപിലെ രാഷ്ട്രീയപ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെലിഫോണില്‍ ചര്‍ച്ച നടത്തി. മാലദ്വീപിലെ ക്രമസമാധാന സ്ഥിതിയിലും ജനാധിപത്യസ്ഥാപനങ്ങളോടുളള സമീപനത്തിലും ഇരുനേതാക്കളും ആശങ്ക പങ്കുവച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും ചര്‍ച്ചയില്‍ വിഷയമായി.

രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ മാലദ്വീപ്, ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ചൈന, പാക്കിസ്ഥാന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളോടാണ് സഹായം അഭ്യര്‍ഥിച്ചത്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിവരിക്കാനും സഹായമഭ്യര്‍ഥിക്കാനും ഈ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയച്ചു. എന്നാല്‍, ഇന്ത്യയിലേക്ക് ഇപ്പോള്‍ അയക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കിയത്.

നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിലുള്ള എതിര്‍പ്പാണ് ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കാതിരിക്കാന്‍ മാലദ്വീപിനെ പ്രേരിപ്പിച്ചത്. യു എന്നും യു എസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും അടിയന്തരാവസ്ഥ എടുത്തുകളയാന്‍ മാലദ്വീപിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ നശീദടക്കമുള്ള രാഷ്ട്രീയ നേതാക്കളെയും ചീഫ് ജസ്റ്റിസുമാരെയും വിട്ടയക്കാനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യ സൈനിക ഇടപെടലിലൂടെ പരിഹരിക്കണമെന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന്റെ ആവശ്യത്തെ ചൈന എതിര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാലദ്വീപ് പ്രതിനിധികളെ അയച്ചത്.