‘നാമാണ് നിങ്ങളെ സൃഷ്ടിച്ചത്’

ഭൗതിക പദാര്‍ഥങ്ങള്‍ നിശ്ചിത അനുപാതത്തില്‍ എടുത്ത് ഒരു മനുഷ്യനെ നിര്‍മിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇല്ല. കാരണം, മനുഷ്യനെന്നത് ഈ ഭൗതിക പദാര്‍ഥങ്ങള്‍ മാത്രമല്ല. അവന് ആത്മാവ് എന്ന കാതലായ ഒരു ഭാഗം കൂടിയുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ആത്മാവും ശരീരവും കൂടിച്ചേര്‍ന്ന ഒരു സമുച്ചയമാണ് മനുഷ്യന്‍.
Posted on: February 9, 2018 6:44 am | Last updated: February 8, 2018 at 11:45 pm

ശാസ്ത്ര ലോകം വിസ്മയജനകമായ കണ്ടുപിടിത്തങ്ങളിലൂടെ ലോകത്തെ അമ്പരപ്പിച്ച് മുന്നേറുമ്പോഴും മനുഷ്യനെ കണ്ടെത്താന്‍ കഴിയാതെ അന്ധാളിക്കുകയാണ്. ”ആയിരത്താണ്ടുകള്‍ക്കപ്പുറം അറിയപ്പെടാത്ത ഒരു തടാകത്തില്‍ പ്രത്യേകമായൊരു സാഹചര്യത്തില്‍ ചില ആറ്റങ്ങള്‍ പ്രത്യേക രീതിയില്‍ കൂടിച്ചേര്‍ന്നപ്പോള്‍ ആദ്യമായി ജീവന്‍ മിടിച്ചു. അങ്ങനെ ഏകകോശജീവിയായ അമീബ ഉണ്ടായി. യുഗാന്തരങ്ങളിലൂടെ അത് പരിണമിച്ച് പരിണമിച്ച് കുരങ്ങായി മാറുകയും കുരങ്ങ് നൂറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യനായി മാറുകയും ചെയ്തു”
1859ല്‍ ഡാര്‍വിന്‍ തന്റെ ‘ഒറിജിനല്‍ ഓഫ് സ്പീഷിസ്’ എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിച്ച പരിണാമ സിദ്ധാന്തത്തിന്റെ രത്‌നച്ചുരുക്കമാണിത്. ശാസ്ത്രത്തോടുള്ള അമിത വിശ്വാസത്തെ മറയാക്കിയാണ് ഈ അന്ധവിശ്വാസം ഇന്നും പഠിപ്പിക്കുന്നത്. നിരവധി ബുദ്ധിജീവികളും ശാസ്ത്രജ്ഞന്മാരും ഈ സിദ്ധാന്തത്തെ ചോദ്യം ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രസതന്ത്രത്തില്‍ പി എച്ച് ഡി നേടിയ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നു.
യഥാര്‍ഥത്തില്‍ മധ്യകാല യൂറോപ്പിലെ പാതിരിമാര്‍ ശാസ്ത്രജ്ഞരുമായി നിരന്തരം കൊമ്പുകോര്‍ക്കുകയും തങ്ങളുടെ ചില ധാരണകള്‍ക്ക് വിരുദ്ധമെന്ന് തോന്നിയ എല്ലാ കണ്ടുപിടിത്തങ്ങളെയും ചര്‍ച്ചുകളില്‍ വിചാരണ ചെയ്ത് കണ്ടെത്തിയവരെ കടുത്ത ശിക്ഷകള്‍ക്ക് വിധേയമാക്കിയിരുന്നു. ഭൂമി ഉരുണ്ടതാണെന്നും അത് കറങ്ങുന്നുണ്ടെന്നും പ്രഖ്യാപിച്ച ഗലീലിയോ അടക്കം ഇവരുടെ പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മതവും ദൈവവുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രമായി ശാസ്ത്രത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന ചിന്തയില്‍ നിന്നാണ് മനുഷ്യോത്പത്തിയെക്കുറിച്ചുള്ള ഈ പരിണാമ സിദ്ധാന്തം രൂപപ്പെടുത്തിയത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഉത്കൃഷ്ട സൃഷ്ടിയായ മനുഷ്യന്റെ പിതൃത്വം മൃഗങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയും മനുഷ്യനോട് തന്റെ സ്രഷ്ടാവിനെ തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുകയും സര്‍വോപരി ശാസ്ത്രത്തിന്റെ പേരില്‍ തെളിയിക്കപ്പെടാത്ത ഒരന്ധവിശ്വാസം പ്രചരിപ്പിക്കപ്പെടുകുയും ചെയ്യുന്നുവെന്നതാണ് പരിണാമ സിദ്ധാന്തത്തിന്റെ പരിണതി.

അത് ഏതോ ഒരു പ്രത്യേക സാഹചര്യത്തില്‍ കുരങ്ങന്‍ മനുഷ്യനായി മാറിയെന്നു പറയുമ്പോള്‍ ഏതായിരുന്നു ആ പ്രത്യേക സാഹചര്യം? ആ സാഹചര്യം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലേ? വാനരന്മാര്‍ ഇന്നും ലോകത്തുടനീളം കാണപ്പെടുന്നുണ്ടെങ്കിലും പിന്നീട് ഒരു കുരങ്ങും മനുഷ്യനായി പരിണമിക്കാത്തത് എന്തുകൊണ്ടാണ്? ഇനി കുരങ്ങ് മനുഷ്യനായി മാറിയപ്പോള്‍ ആണായിട്ടാണോ പെണ്ണായിട്ടാണോ മാറിയത്? ജനിച്ചപ്പോള്‍ തന്നെ മനുഷ്യനായി മാറിയതാണോ അതല്ല, വളര്‍ന്നുവലുതായപ്പോള്‍ മനുഷ്യനായി മാറിയതാണോ?
ഏതായാലും കുരങ്ങുകളുടെ ജീവിതസാഹചര്യത്തില്‍ ഒരു മനുഷ്യന്‍ അതിജീവിക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കാര്യമാണ്. ഒരു മനുഷ്യക്കുഞ്ഞ് ഇതര ജീവികളെ പോലെയല്ല. സ്വയം പര്യാപ്തനാകണമെങ്കില്‍ വര്‍ഷങ്ങളെടുക്കും. കുരങ്ങ് മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടുമ്പോഴും തള്ളയുടെ പള്ളയില്‍ അള്ളിപ്പിടിച്ച് കുഞ്ഞ് കൂടെ സഞ്ചരിക്കും. മനുഷ്യക്കുഞ്ഞിന് ഇതു സാധ്യമല്ല. ഇതുകൊണ്ട് തന്നെ ആദ്യത്തെ മനുഷ്യന്‍ ഒരു കുഞ്ഞായി പിറന്നിരുന്നെങ്കില്‍ അവന് മറ്റു മനുഷ്യരുടെ അഭാവത്തില്‍ വളര്‍ന്നുവലുതാകാന്‍ കഴിയില്ല.
ഇവിടെയാണ് തിരുനബി(സ)യുടെ പ്രഖ്യാപനം ശ്രദ്ധേയമാവുന്നത്: ”ആദമിനെ അല്ലാഹു സൃഷ്ടിച്ചത് ആദമിന്റെ രൂപത്തില്‍ തന്നെയാണ്. അപ്പോള്‍ നീളം അറുപത് മുഴമായിരുന്നു. (ബുഖാരി) മറ്റൊരു മനുഷ്യനുമില്ലാത്ത കാലത്ത് ആദ്യമനുഷ്യന്‍ ഒരു കുഞ്ഞായി പിറന്നാല്‍ ആരു സംരക്ഷിക്കും എന്ന ചോദ്യത്തിന് കൂടി ഈ നബിവചനം ഉത്തരം തരുന്നതോടൊപ്പം പരിണാമ സിദ്ധാന്തത്തെ വേരോടെ പിഴുതെറിയുകയാണ് പ്രവാചകന്‍(സ) ഈ പ്രഖ്യാപനത്തിലൂടെ ചെയ്തത്. ഇനി തേനീച്ച പരിണമിച്ചുണ്ടായതാണെന്ന് സങ്കല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുമോ? സസ്യലോകത്ത് 80 ശതമാനം പരാഗണം നടക്കുന്നത് തേനീച്ച മുഖേനയാണെന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോള്‍ തേനീച്ചകളുടെ അഭാവത്തില്‍ സസ്യലതാദികള്‍ എങ്ങനെ നിലനില്‍ക്കും? അതോടൊപ്പം ഈ സസ്യങ്ങളിലെ തേന്‍ കുടിച്ചു ജീവിക്കുന്ന ഈച്ചകളുടെ നിലനില്‍പ്പ് സസ്യങ്ങളെ ആശ്രയിച്ച് മാത്രമാണ്. അപ്പോള്‍ ഇവ രണ്ടും ഒന്നിച്ചു തന്നെ ഇവിടെ ഉണ്ടാകണം. സംവിധാനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ തികഞ്ഞ ആസൂത്രണം നമുക്ക് കാണാനാവുന്നുണ്ടെങ്കില്‍ ഇതിന് പിന്നില്‍ ഒരു സൂത്രധാരന്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതാണ് പ്രപഞ്ച നാഥന്‍.
ഇനി തേനീച്ചയും പരിണമിച്ചുണ്ടായതാണെന്ന് സങ്കല്‍പ്പിച്ചാല്‍ ആദ്യമുണ്ടായത് ഏത് ഈച്ചയാണ് റാണിയോ അതോ പാറാവുകാരോ? അല്ലെങ്കില്‍ തൊഴിലാളികളോ? റാണിയാണെങ്കില്‍ തൊഴിലാളികളുടെ അഭാവത്തില്‍ അതിന് ജീവിക്കാന്‍ കഴിയില്ല. പുറത്ത് പോകാതെ കൂട്ടിലിരുന്ന് മുട്ടയിട്ട് പ്രജനനം നടത്തണമെങ്കില്‍ ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ ആളു വേണം. തൊഴിലാളികളാണ് ആദ്യമുണ്ടായതെങ്കില്‍ പ്രത്യുത്പാദനത്തിന് ശേഷിയില്ലാത്ത ഇവര്‍ക്ക് വംശം നിലനിര്‍ത്താന്‍ സാധിക്കില്ല. ചുരുക്കത്തില്‍ തേനീച്ചകള്‍ പോയിട്ട് ഒരു ഉറുമ്പ് പോലും മറ്റൊന്നില്‍ നിന്നും തനിയെ പരിണമിച്ച് രൂപാന്തരപ്പെട്ടതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.

മനുഷ്യന്‍ മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവനാണെന്ന ദൈവിക ഗ്രന്ഥങ്ങളുടെ പ്രഖ്യാപനത്തെ ശരിവെക്കുന്നതാണ് യാഥാര്‍ഥ ശാസ്ത്രജ്ഞാനം. മനുഷ്യ ശരീരത്തിലടങ്ങിയഘടകങ്ങള്‍ പരിശോധിച്ചാല്‍ അത് സ്പഷ്ടമാകും. ”പത്ത് ഗാലന്‍ വെള്ളം, എഴ് ബാര്‍സോപ്പ് നിര്‍മിക്കാന്‍ ആവശ്യമായ കൊഴുപ്പ്, 9000 പെന്‍സിലുകള്‍ നിര്‍മിക്കാന്‍ മാത്രമുള്ള കാര്‍ബണ്‍, 2,200 തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാന്‍ പോന്ന ഫോസ്ഫറസ്, ഒരു ഇടത്തരം ആണി നിര്‍മിക്കാനുള്ള ഇരുമ്പ്, ഒരു കോഴിക്കൂട് വൈറ്റ്‌വാഷ് ചെയ്യാന്‍ മാത്രമുള്ള ചുണ്ണാമ്പ്, കുറച്ച് സള്‍ഫര്‍, അല്‍പം മെഗ്നീഷ്യം തുടങ്ങിയവയാണത്രേ മനുഷ്യശരീരത്തിലുള്ളത്.”(ഗൈഡ് ഓഫ് ദ ഫിലോസഫി)
എന്നാല്‍, ഈ ഭൗതിക പദാര്‍ഥങ്ങള്‍ ഈ അനുപാതത്തില്‍ എടുത്ത് ഒരു മനുഷ്യനെ നിര്‍മിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ഇല്ല. കാരണം മനുഷ്യനെന്നത് ഈ ഭൗതിക പദാര്‍ഥങ്ങള്‍ മാത്രമല്ല. അവന് ആത്മാവ് എന്ന കാതലായ ഒരു ഭാഗം കൂടിയുണ്ട് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ആത്മാവും ശരീരവും കൂടിച്ചേര്‍ന്ന ഒരു സമുച്ചയമാണ് മനുഷ്യന്‍. പ്രപഞ്ചനാഥനായ അല്ലാഹുവാണ് അവന്റെ സ്രഷ്ടാവ്. അവന് കണ്ണും കാതും സംസാരശേഷിയും ചിന്താശക്തിയും തന്നത് സ്രഷ്ടാവിനെ കണ്ടെത്താനാണ്. നിഷേധിക്കാനല്ല.”നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ വിശ്വസിക്കുന്നില്ല” എന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യം നമ്മുടെ കണ്ണുകള്‍ തുറപ്പിക്കട്ടെ.