ദുബൈ വിമാനത്താവളത്തില്‍ സ്മാര്‍ട് ഗേറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു

Posted on: February 8, 2018 9:51 pm | Last updated: February 8, 2018 at 9:51 pm
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റുകള്‍

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവരും തിരിച്ചെത്തുന്നവരുമായ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ടെര്‍മിനല്‍ ഒന്നില്‍ സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍. ദുബൈ എയര്‍പോര്‍ട്ട്‌സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്, ഇമറാടെക് എന്നിവ സംയുക്തമായാണ് ഗെയ്റ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്.

20 സ്മാര്‍ട് ഗെയ്റ്റുകളാണ് പുതിയതായി ടെര്‍മിനല്‍ ഒന്നില്‍ ആഗമന ഭാഗത്തു സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ടെര്‍മിനലില്‍ ഡിപാര്‍ച്ചര്‍ മേഖലയില്‍ 10 സ്മാര്‍ട് ഗെയ്റ്റുകള്‍ സ്ഥാപിച്ചിരുന്നു. നിലവില്‍ 127 സ്മാര്‍ട് ഗെയ്റ്റുകളാണ് എയര്‍പോര്‍ടിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. സ്മാര്‍ട് ഗെയ്റ്റിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂര്‍ത്തിക്കാനാവും എന്നതാണ് സവിശേഷത. യു എ ഇയെ കൂടുതല്‍ ലോകോത്തരമായി മികവുറ്റതാക്കുക എന്ന വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.
ഉപകരണങ്ങളുടെ സഹായത്തോടെ വിശദാംശങ്ങള്‍ തിരിച്ചറിയുന്ന റീഡബിള്‍ പാസ്‌പോര്ട്, എമിറേറ്റ്‌സ് ഐ ഡി, ഇ-ഗെയ്റ്റ് കാര്‍ഡ്, ജി ഡി ആര്‍ എഫ് എ സ്മാര്‍ട് മൊബൈല്‍ ആപ് വഴി നല്‍കുന്ന ക്യു ആര്‍ ബാര്‍ കോഡ് എന്നിവ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് തന്നെ ഇ-ഗെയ്റ്റ് വഴി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാം.

മേഖലയില്‍ ആദ്യമായി സ്മാര്‍ട് ഗെയ്റ്റ് സംവിധാനം നടപ്പിലാക്കുന്ന വിമാനത്താവളമെന്ന ഖ്യാതി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം നേടിയിട്ടുണ്ട്.