Connect with us

Kannur

കുട്ടിക്കടത്ത് സംഘാംഗമെന്ന് ആരോപണം; ബിഹാര്‍ സ്വദേശിക്ക് ക്രൂര മര്‍ദനം

Published

|

Last Updated

കൂത്തുപറമ്പ്: കുട്ടികളെ തട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ബിഹാര്‍ സ്വദേശിക്ക് ക്രൂര മര്‍ദനം. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ബിഹാര്‍ സ്വദേശിയായ ചോട്ടു എന്ന യുവാവിനെ മാനന്തേരിയില്‍ ആളുകള്‍ തടഞ്ഞുവെച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തില്‍പ്പെട്ടയാളെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആളുകളില്‍ ചിലര്‍ ഇയാളെ ചോദ്യം ചെയ്തു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നതെന്നാരോപിച്ച് ഇതിനിടയില്‍ ചിലര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു.

ഇതിനിടയില്‍ സ്ഥലത്തെത്തിയ കണ്ണവം പോലിസ് ചോട്ടുവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂരിനടുത്ത കണ്ണാടിപ്പറമ്പില്‍ ഹോട്ടല്‍ തൊഴിലാളിയാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞതത്രെ. പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് കണ്ണാടിപ്പറമ്പ് സ്വദേശിയുടെ എ ടി എം കാര്‍ഡും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കണ്ടെത്തി. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറയുന്നതെന്നും മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടയാളാണെന്ന ആരോപണം ശരിയല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ നടത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇതുവരെ ആരും തന്നെ യുവാവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടില്ല.

 

Latest