ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക്

Posted on: February 7, 2018 12:16 pm | Last updated: February 7, 2018 at 5:44 pm

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ പ്രചരിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ഭീഷണിയാണെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് ദിലീപ് ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

കുറ്റപത്രത്തിനൊപ്പം പോലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വിചാരണ സമയത്ത് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി നേരത്തെ, പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം മൊഴിപകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ദിലീപിന് കൈമാറിയിരുന്നു.

അതേസമയം, കേസ് വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. വിചാരണ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ കേസിന്റെ നടപടി ക്രമങ്ങളെല്ലാം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു കോടതി ഉത്തരവ്.