Connect with us

Kerala

സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്നവര്‍ ജാഗ്രതൈ; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ച് വര്‍ഷം അകത്താകും

Published

|

Last Updated

തിരുവനന്തപുരം: സാമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കുന്നു. പിടിക്കപ്പെടുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റംചുമത്തി കേസെടുക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയെന്ന പേരില്‍ വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് സൈബര്‍സെല്‍ നിരീക്ഷണം ശക്തമാക്കിയത്. സംശയം തോന്നുന്നവരെ മര്‍ദിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു.  സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി അമ്പതിലേറെ ദൃശ്യങ്ങളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയവരെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതില്‍ 99 ശതമാനവും വ്യാജമെന്നാണ് പോലീസ് വിലയിരുത്തല്‍. സംശയത്തിന്റെ പേരില്‍ അതിക്രമത്തിനൊരുങ്ങുന്നവരും കുടുങ്ങും. തിരുവനന്തപുരം വിഴിഞ്ഞത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയയാളെ പിടിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. മാനസിക വൈകല്യമുള്ള ഒരാളെയാണ് നാട്ടുകാര്‍ പിടികൂടിയത്.