പ്ലാസ്റ്റിക്ക്, പി വി സി ആധാര്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗ യോഗ്യമല്ല, നിര്‍മ്മിച്ച് നല്‍കുന്നത് ക്രിമിനല്‍ കുറ്റം

Posted on: February 6, 2018 8:31 pm | Last updated: February 7, 2018 at 9:57 am

തിരുവനന്തപുരം: പ്ലാസ്റ്റിക്കോ, പി വി സിയോ ഉപയോഗിച്ച് നിര്‍മ്മിച്ച ആധാര്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗ യോഗ്യമല്ലെന്ന് യുണീക്ക് ഐഡറ്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന വേളയില്‍ അവയിലെ ക്യൂ ആര്‍ കോഡ് പലപ്പോഴും പ്രവര്‍ത്തിക്കാറില്ല. കൂടാതെ ആധാറിലെ വ്യക്തിപരമായ വിവരങ്ങള്‍ ചോരാനും ഇത് ഇടയാക്കും.

സാധാരണ കടലാസില്‍ ലഭിക്കുന്ന ആധാര്‍ ലെറ്ററോ അവയുടെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രൂപങ്ങളോ പൂര്‍ണ്ണമായും സാധുവാണ്. കാര്‍ഡ് ഒന്നിന് 50 രൂപ മുതല്‍ 300 രൂപ വരെ ഈടാക്കിയാണ് പ്ലാസ്റ്റിക്, പി വി സി ഷീറ്റുകളില്‍ ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് കൊടുക്കുന്നത്. ഇത്തരം സംഘങ്ങളുടെ വലയില്‍ അകപ്പെടരുതെന്നും ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും അതോറിറ്റി സി ഇ ഒ. ഡോ. അജയ് ഭൂഷന്‍ പാണ്‌ഡേ അറിയിച്ചു.

ആധാര്‍ നമ്പരോ, മറ്റ് വ്യക്തിപരമായ വിവരങ്ങളോ അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്ക് കൈമാറരുത്. ഇത്തരം ഏജന്‍സികള്‍ പൊതുജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കുകയോ, ഇത്തരം പ്ലാസ്റ്റിക്, പി വി സി കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് കൊടുക്കുകയോ ചെയ്താല്‍ ക്രിമിനല്‍ കുറ്റമായി കണക്കിലെടുത്ത് നടപടിയെടുക്കുമെന്ന് യു ഐ ഡി എ ഐ അറിയിച്ചു