ആഗോള തലത്തില്‍ മികച്ച സ്മാര്‍ട് നഗരമെന്ന ലക്ഷ്യം ദുബൈ പേപ്പര്‍രഹിത പദ്ധതി പ്രഖാപിച്ചു

Posted on: February 6, 2018 8:15 pm | Last updated: February 6, 2018 at 8:15 pm
ദുബൈ പേപ്പര്‍രഹിത പദ്ധതി പ്രഖ്യാപനത്തിന് സ്മാര്‍ട് ദുബൈ ഓഫീസിലെത്തിയ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം

ദുബൈ: ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ പേപ്പര്‍ രഹിത ആസൂത്രണം പ്രഖ്യാപിച്ചു. ദുബൈ നഗരത്തെ ലോകത്തെ മികച്ച സ്മാര്‍ട് നഗരമാക്കുക എന്ന യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയങ്ങളെ സാക്ഷാത്കരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് പദ്ധതി. ശൈഖ് ഹംദാന്‍ സ്മാര്‍ട് ദുബൈ ഓഫീസ് ആസ്ഥാനത്തെ സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം നടത്തിയത്.

സ്മാര്‍ട് സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് മികച്ച നഗരമായി മാറുന്നതിനുള്ള ദുബൈയുടെ യാത്രയില്‍ കൂടുതല്‍ വേഗത കൈവരിച്ചിരിക്കുകയാണ്. പേപ്പര്‍ രഹിത സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ന നിലയിലേക്ക് ദുബൈ ഭരണകൂടം നടത്തുന്ന കാല്‍വെപ്പുകള്‍ക്ക് പദ്ധതി മികച്ച സംഭാവനയാണ് നല്‍കുക. പൊതുജനങ്ങളുടെ ആവശ്യങ്ങളെ ഉന്നതമായ രീതിയില്‍ നിറവേറ്റുന്നതിനും അവരുടെ വ്യവഹാരങ്ങളില്‍ ലോകോത്തരമായ സുരക്ഷ ഒരുക്കുന്നതിനും പദ്ധതിയിലൂടെ കഴിയും. ഉന്നതമായ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ജനങ്ങളുടെ സംതൃപ്തി വര്‍ധിപ്പിച്ചു ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ട് ആക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതി പ്രഖ്യാപന വേളയില്‍ ശൈഖ് ഹംദാന്‍ പറഞ്ഞു.

2021ഓട് കൂടി ദുബൈ നഗരത്തെ പേപ്പര്‍രഹിത നഗരമാക്കും. ലക്ഷ്യപൂര്‍ത്തീകരണത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പേപ്പര്‍ ഉപയോഗങ്ങള്‍ പാടെ ഒഴിവാക്കും. ജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുക എന്നതിന് പുറമെ ആഗോള തലത്തില്‍ പദ്ധതിയുടെ ഗുണ ഫലം വ്യാപിപ്പിക്കാന്‍ കഴിയും. 100 കോടി പേപ്പറുകളാണ് പ്രതി വര്‍ഷം ദുബൈ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിലൂടെ പേപ്പര്‍ ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ മുറിക്കുന്നതൊഴിവാക്കി വനസംരക്ഷണത്തിനും വഴിയൊരുക്കുമെന്ന് ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പിലാക്കുക. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ബസ്തി, സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ത് ബുതി ബിന്‍ ബിശ്ര്‍ തുടങ്ങിയവര്‍ ശൈഖ് ഹംദാനെ അനുഗമിച്ചിരുന്നു