Connect with us

Sports

ലോകകപ്പുമായി കൗമാരപ്പടയെത്തി

Published

|

Last Updated

മുംബൈ: ലോകകപ്പുമായി കൗമാരപ്പട പറന്നിറങ്ങി. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ നായകന്‍ പൃഥ്വി ഷായ്ക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ വലിയ വരവേല്‍പ്പാണ് ഒരുക്കിയത്. പൂച്ചെണ്ടുകളും മധുരപലഹാരങ്ങളുമായി ആരാധകവൃന്ദം ഉച്ചയോടെ തന്നെ വിമാനത്താവളത്തില്‍ തമ്പടിച്ചിരുന്നു. 3.30 ഓടെയാണ് കളിക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയത്.
ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ജേതാക്കളായത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ നാല് തവണ ലോകചാമ്പ്യന്‍മാരായി റെക്കോര്‍ഡിടാനും ഇന്ത്യക്ക് സാധിച്ചു.
മുഹമ്മദ് കൈഫ്, വിരാട് കോഹ് ലി, ഉന്‍മുക്ത് ചന്ദ് എന്നിവര്‍ നയിച്ച ടീമാണ് ഇതിന് മുമ്പ് കൗമാര ലോകകപ്പില്‍ വെന്നിക്കൊടി പാറിച്ചത്.

തലമുറകളെ താരതമ്യം ചെയ്യരുത് : രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച തലമുറയാണിതെന്ന അഭിപ്രായപ്രകടനങ്ങളോട് കോച്ച് രാഹുല്‍ ദ്രാവിഡിന് യോജിപ്പില്ല. തലമുറകളെ നിങ്ങള്‍ താരതമ്യം ചെയ്യരുത്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ധാരാളം സൗകര്യങ്ങളുണ്ട്. ഞാന്‍ കളിച്ചിരുന്ന കാലത്ത് അണ്ടര്‍ 19 ലോകകപ്പ് ഇല്ലായിരുന്നു.
അതിന് ശേഷമുള്ള തലമുറക്ക് അണ്ടര്‍ 19 ലോകകപ്പ് കളിക്കാനുള്ള അവസരമുണ്ടായി. ഞാന്‍ കളിക്കുന്ന കാലത്തുണ്ടായിരുന്ന അടിസ്ഥാന സൗകര്യങ്ങളല്ല ഇപ്പോഴുള്ളത്. അതുകൊണ്ട് താരതമ്യം അനാവശ്യമാണ് – ദ്രാവിഡ് പറഞ്ഞു.
തന്റെ കുട്ടികള്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കള്‍ക്കുള്ള മെഡലണിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു.
അവര്‍ക്കൊപ്പമുള്ള ചാമ്പ്യന്‍ഷിപ്പ് നല്ല അനുഭവമായി. ഫൈനലില്‍ കളിച്ചതിനേക്കാള്‍ മികച്ച കളി സെമിയിലാണ് ടീം പുറത്തെടുത്തത്. അതായിരുന്നു ടൂര്‍ണമെന്റിലെ മികച്ച പ്രകടനം – കോച്ച് ദ്രാവിഡ് പറഞ്ഞു.
പാക്കിസ്ഥാനെതിരായ മത്സരത്തിന്റെ സമ്മര്‍ദം കളിക്കാര്‍ അയത്‌നലളിതമായിട്ടാണ് മറികടന്നത്. മത്സരത്തിലെ സമസ്ത മേഖലകളിലും ഇന്ത്യന്‍ ടീം നിറഞ്ഞു നിന്നുവെന്നും ദ്രാവിഡ്.

 

Latest