ഇന്ത്യന്‍ ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച

  • അമേരിക്കയിലുണ്ടായ തകര്‍ച്ച ഏഷ്യന്‍ വിപണിയിലേക്കും ബാധിച്ചു.
  • വിപണി ഇടപെടലിനെ തുടര്‍ന്ന് നഷ്ടം 846 പോയിന്റായി കുറഞ്ഞു.
Posted on: February 6, 2018 9:24 am | Last updated: February 6, 2018 at 3:22 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സക്‌സ് 1210 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 350 പോയിന്റിലധികം ഇടിഞ്ഞു. അമേരിക്കന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെയാണ് മാറ്റം.

ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണു ഓഹരി വിപണി ചാഞ്ചാടിയത്. ഡൗ ജോണ്‍സ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. 2011ല്‍ ആണ് ഇതിനുമുന്‍പ് യുഎസ് വിപണിയില്‍ വലിയ തകര്‍ച്ച ഉണ്ടായത്. 1987ലെ ‘കറുത്ത തിങ്കള്‍’, 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൂപ്പുകുത്തലെന്നും നിരീക്ഷണമുണ്ട്.

യുഎസ് വിപണിയുടെ ഇടിവിനെത്തുടര്‍ന്നു ജപ്പാനില്‍ നാലു ശതമാനവും ഓസ്‌ട്രേലിയയില്‍ മൂന്നു ശതമാനവും തകര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ കനത്ത വില്‍പന സമ്മര്‍ദമാണു വിപണികളെ പിടിച്ചുകുലുക്കിയത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്.