Connect with us

Gulf

പൊതുമാപ്പ്: കര്‍മ്മ നിരതരായി ഐ.സി.എഫ് സ്വഫ്‌വ വളണ്ടിയര്‍മാര്‍

Published

|

Last Updated

കുവൈത്ത്: കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന അനധികൃത താമസക്കാരായ ആയിരങ്ങള്‍ക്ക്ആശ്വാസമാവുകയാണ് ഐ.സി.എഫ്. സ്വഫ്‌വ വളണ്ടിയര്‍മാരുടെ സേവനം. ഔട്ട്പാസ് ലഭിക്കുന്നതിനും മറ്റു യാത്രാരേഖകള്‍ ശരിയാക്കുന്നതിനുമായി എംബസ്സിയില്‍ എത്തുന്ന ആളുകളെ സഹായിക്കുന്നതിനായി രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ അമ്പതോളം സ്വഫ്‌വ വളണ്ടിയര്‍മാര്‍ സദാ കര്‍മ്മനിരതരാണ്. ഇന്ത്യന്‍ എംബസ്സിയുടെ പുറത്ത് പ്രത്യേകം സ്ഥാപിച്ച ഐ.സി.എഫ്. ഹെല്‍പ് ഡെസ്‌കിനെ ദിവസവും നൂറുകണക്കിന് ആളുകളാണ് സമീപിക്കുന്നത്.

വളണ്ടിയര്‍മാരുടെ സേവനങ്ങളെ പ്രശംസിച്ച എംബസ്സി അധികൃതര്‍, അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള ഔട്ട്പാസ് ഇഷ്യൂ ചെയ്യുന്ന നടപടികളെ വേഗത്തിലാക്കുന്നതിന് ഐ.സി.എഫിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിരലടയാളം എടുത്ത് യാത്ര എളുപ്പത്തിലാക്കുന്നതിന് പാസ്‌പോര്‍ട്ട് ഓഫീസുകളിലും (ജവാസാത്ത്) ഫിംഗര്‍ പ്രിന്റ് ഓഫീസുകളിലും സ്വഫ്‌വ വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാണ്.

ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി, ജന. സെക്രട്ടറി അഡ്വ. തന്‍വീര്‍ ഉമര്‍, ക്ഷേമകാര്യ സെക്രട്ടറി അബൂ മുഹമ്മദ് എന്നിവര്‍ എംബസ്സി അധികൃതരെ സന്ദര്‍ശിച്ച്, എംബസ്സി ആവശ്യപ്പെടുന്ന ഏതു സഹായവും നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഐ.സി.എഫ്. എംബസ്സി അഫയേര്‍സ് കോഓര്‍ഡിനേറ്റര്‍ സമീര്‍ മുസ്‌ലിയാര്‍, സ്വഫ്‌വ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് പുല്ലാളൂര്‍ എന്നിവരാണ് സ്വഫ്‌വ വളണ്ടിയര്‍മാരടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതേസമയം, ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് ഔട്ട്പാസ് ലഭിക്കാന്‍ പാസ്‌പോര്‍ട്ട് കോപ്പിയില്ലാതെ (ആധാര്‍, റേഷന്‍ കാര്‍ഡ്) അപേക്ഷ സമര്‍പ്പിച്ചവര്‍, അതുപോലെ ഒരു രേഖയും ഇല്ലാത്ത നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിരലടയാളം എടുക്കേണ്ടതിനായി ഇന്ത്യന്‍ എംബസ്സിയില്‍ എത്തേണ്ടതാണെന്ന് ഐ.സി.എഫ്. അറിയിച്ചു. എംബസിയില്‍ നിന്ന് വാഹന സൗകര്യം ലഭ്യമാണ്.

 

Latest