ഡോക്ടര്‍മാരുടെ അനാസ്ഥ; പ്രസവത്തിനു ശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Posted on: February 5, 2018 5:15 pm | Last updated: February 6, 2018 at 11:05 am
SHARE

അമ്പലപ്പുഴ: പ്രസവത്തിനു ശേഷം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഡോക്ടര്‍മാരുടെ അനാസ്ഥയെന്നാരോപിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് വണ്ടാനം പുതുവല്‍ സിബിച്ചന്റെ ഭാര്യ ബാര്‍ബറ (36)യാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണപ്പെട്ടത്.കഴിഞ്ഞ 22 ന് പ്രസവത്തിനായി പ്രവേശിക്കപ്പെട്ട ബാര്‍ബറ 23ന് പെന്‍കുട്ടിയെ പ്രസവിച്ചു.നാലു ദിവസത്തിനു ശേഷം ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങി. വിവരം ഡോക്ടറെ അറിയിച്ചപ്പോള്‍ ഗ്യാസാണന്നു പറഞ്ഞു മരുന്നു നല്‍കി.എന്നാല്‍ രോഗം മാറാതെ വന്നതോടെ വീട്ടമ്മയെ പിന്നീട് ഐ സി യു വി ലേക്ക് മാറ്റി. രോഗകാരണം എന്താണെന്നു പറയാന്‍ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വീണ്ടും രോഗം മൂര്‍ച്ഛിച്ചതോടെ ബാര്‍ബറയെ വെന്റിലേറ്ററിലേക്കു മാറ്റി. ഇവിടെ വെച്ച് ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ മരിക്കുകയായിരുന്നു.

തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗം യു എം.കബീര്‍, പഞ്ചായത്തംഗം എന്‍ .ഷിനോയി എന്നിവരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ സൂപ്രണ്ടിനെ ഉപരോധിച്ചു.ആര്‍ ഡി ഒ യുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്താമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സൂപ്രണ്ട്, അമ്പലപ്പുഴ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. പരാതിയിന്‍മേല്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് ഡോ: ആര്‍ വി .രാംലാല്‍ അറിയിച്ചു.

ബാര്‍ബറയുടെ മൃതദേഹം നാളെ വണ്ടാനം മേരീ ക്യൂന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. മകള്‍ സോന (ആറര വയസ്).

LEAVE A REPLY

Please enter your comment!
Please enter your name here