Connect with us

Kerala

ബിനോയിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിട്ടില്ലെന്ന് ബിനീഷ് കോടിയേരി; നിയമനടപടികളെ ഭയന്ന് ഒളിച്ചുനടന്നിട്ടില്ല

Published

|

Last Updated

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ വിശദീകരണവുമായി സഹോദരന്‍ ബിനീഷ് കോടിയേരി. ബിനോയിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയോ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ലെന്നും ബിനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

സിവില്‍നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നെയാണ് ബിനോയ് ദുബൈയില്‍ തുടരുന്നത്. ദുബൈയിലെ നിയമ വ്യവസ്ഥയനുസരിച്ച് ആണ് കേസിന്റെ കാര്യങ്ങള്‍ നടന്നു വരുന്നതെന്നും നിയമ നടപടികളെ ഭയന്ന് ബിനോയ് ഒളിച്ചു നടന്നിട്ടില്ലെന്നും ബിനീഷ് പോസ്റ്റില്‍ പറയുന്നു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ്…..

ബിനോയ് കോടിയേരിക്ക് എതിരായി വരുന്ന പുതിയ മാധ്യമ വാര്‍ത്തകളുടെ സത്യാവസ്ഥ ഇതാണ്. ബിനോയിക്ക് യാത്രാ വിലക്ക് ഉണ്ട് എന്നും കേസ് ഉണ്ടായിരുന്നു എന്നും വാര്‍ത്തകള്‍ വന്ന സമയത്ത് അയാളുടെ പേരില്‍ ഇവയൊന്നും തന്നെ നിലവിലുണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിയിട്ടുള്ളതും അതിന്റെ രേഖകള്‍ അന്ന് ഹാജരാക്കിയിട്ടുള്ളതുമാണ്. അന്ന് തന്നെ ബിനോയ് പറഞ്ഞിട്ടുള്ളതാണ് 1 മില്യണ്‍ ദിര്‍ഹത്തിന് അതായത് ഒരു കോടി 72 ലക്ഷം രൂപയ്ക്ക് സമാനമായ തര്‍ക്കമാണ് ഉണ്ടായിരുന്നത് എന്ന്. ആയതിന് 60000 ദിര്‍ഹം പിഴയായി അടയ്ക്കുകയും തുടര്‍ന്ന് പ്രസ്തുത ക്രിമിനല്‍ കേസ് റദ്ദാക്കുകയും ചെയ്തു.

ദുബായ് നിയമപ്രകാരം സിവില്‍ കേസ് കൊടുക്കുവാന്‍ എതിര്‍ കക്ഷിയ്ക്ക് അവകാശം ഉണ്ട് . അത് പ്രകാരം അവര്‍ ഫെബ്രു.1 ന് കേസ് ഫയല്‍ ചെയ്തപ്പോള്‍ യാത്ര വിലക്ക് ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് ഇപ്പോള്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് വിധേയമായി തുടര്‍ നിയമ നടപടികള്‍ ബിനോയ് സ്വീകരിച്ചു വരികയാണ്. ബിനോയ് ദുബായില്‍ നിന്നും നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയോ എയര്‍പോര്‍ട്ടില്‍ തടഞ്ഞ് വെക്കുകയോ പാസ്‌പോര്‍ട്ട് പിടിച്ചു വെക്കുകയോ ചെയ്തിട്ടില്ല. സിവില്‍നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നെയാണ് ബിനോയ് ദുബായില്‍ തുടരുന്നത് .ദുബായ് നിയമ വ്യവസ്ഥയനുസരിച്ച് ആണ് കേസിന്റെ കാര്യങ്ങള്‍ ഇന്നു വരെയും നടന്നു വരുന്നത്. നിയമ നടപടികളെ ഭയന്ന് ബിനോയ് ഒളിച്ചു നടന്നിട്ടുമില്ല.

ബിനോയ് കേരളത്തില്‍ നില്‍ക്കുമ്പോള്‍ യാത്രാവിലക്ക് ഉണ്ടെന്നും ഇന്റര്‍പോള്‍ അന്വേഷണം ഉണ്ടെന്നും പ്രചരിപ്പിച്ചെങ്കിലും ബിനോയ് സ്വമേധയാ ദുബായിലേക്ക് പോവുകയാണുണ്ടായത്. 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് എന്ന് മുറവിളി നടത്തിയിരുന്നവര്‍ ഇപ്പോള്‍ വെറും ഒരു കോടി 72ലക്ഷം രൂപയുടെ സിവില്‍ വ്യവഹാരം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അക്കാര്യം മനപ്പൂര്‍വ്വമായി മറച്ചു പിടിക്കുന്നു. തുടക്കത്തില്‍ പ്രചരിപ്പിച്ചിരുന്ന ഓഡി കാറും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

പ്രായപൂര്‍ത്തിയായ മക്കള്‍ ഉപജീവനത്തിനായി ചെയ്യുന്ന ബിസിനസ്സുകളെ അച്ഛന്റെ സ്വാധീനമുപയോഗിച്ചാണ് ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ മനസിലാക്കേണ്ടത്, ഇത് പൂര്‍ണ്ണമായും രാജ്യത്തിന് പുറത്ത് രണ്ട് വ്യക്തികള്‍ തമ്മില്‍ ബിസിനസ്സ്
ആവശ്യത്തിനായി കടമെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിലേക്കും മറ്റ് വ്യവഹാരങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടത്.ഇതില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിട്ടുള്ള കോടിയേരി ബാലകൃഷ്ണന്‍ അറബ് വംശജനായിട്ടുള്ള ഒരു വ്യക്തിയെ ഏത് തരത്തില്‍ സ്വാധീനിച്ചു എന്ന് തെളിയിക്കേണ്ട ബാദ്ധ്യത വാര്‍ത്ത പടച്ചുവിട്ടവര്‍ക്കുണ്ട്. ഒരു വിഷയത്തെ സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് മനസിലായാല്‍ അത് തിരുത്താനുള്ള മാന്യത കാണിക്കാതെ, കൊടുത്ത വാര്‍ത്തയുടെ പുറത്തു കിടന്നുരുളുന്നത് ശരിയല്ല. മാധ്യമ സുഹൃത്തുക്കള്‍ സ്വയം വിലയിരുത്തലിന് തയ്യാറാവണം

Latest