Connect with us

Kerala

ശ്രീശാന്തിന്റെ ഹരജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയതിനെതിരെ മലയാളി താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐക്ക് സുപ്രീം കോടതി നോട്ടീസയച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്ക്കും നോട്ടീസ് അയയ്ക്കും. നോട്ടീസിന് നാലാഴ്ചക്കകം മറുപടി നല്‍കണം.

ശ്രീശാന്തിന്റെ ഹര്‍ജിയെ ബിസിസിഐ സുപ്രീം കോടതിയില്‍ എതിര്‍ത്തു. കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാല് ലക്ഷം ജിജു ജനാര്‍ദനനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ ശകലം കൈയിലുണ്ടെന്ന് ബിസിസിഐ കോടതിയെ അറിയിച്ചു.

ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പോലീസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പിന്നീട് ആജീവനാന്ത വിലക്കും ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്, സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Latest