ചോര്‍ച്ച തുടരുന്നു; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ‘കൈ’കൊടുത്ത് ബിജെപി എംഎല്‍എമാര്‍

ജെ ഡി എസിലെ ഏഴ് എം എല്‍ എമാരും കോണ്‍ഗ്രസില്‍ ചേരും
Posted on: February 5, 2018 9:16 am | Last updated: February 5, 2018 at 12:26 pm

ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍മന്ത്രി ആനന്ദ്‌സിംഗിന് പിന്നാലെ ബി ജെ പിയില്‍ നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. ബെല്ലാരിയിലെ കുടലിഗി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി ജെ പി. എം എല്‍ എ. ബി നാഗേന്ദ്രയും അനുയായികളുമാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. 2013ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി പിന്തുണയോടെ വിജയിച്ച സ്വതന്ത്ര എം എല്‍ എയാണ് നാഗേന്ദ്ര. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നാഗേന്ദ്ര കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ആനന്ദ്‌സിംഗിന് പിന്നാലെ നാഗേന്ദ്രയും പാര്‍ട്ടി വിടുന്നത് ബെല്ലാരിയില്‍ ബി ജെ പിക്ക് കനത്ത ആഘാതമാകും. ബെല്ലാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ സന്തോഷ് ലാഡയാണ് ആനന്ദ്‌സിംഗിനെയും നാഗേന്ദ്രയെയും കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടത്തിയത്. എന്നാല്‍ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നവരെ കോണ്‍ഗ്രസിലെടുക്കുന്നതില്‍ ഒരു വിഭാഗം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മൈസൂരുവിലെ ബി ജെ പി നേതാവ് സി എച്ച് വിജയശങ്കര്‍, അന്തരിച്ച ജെ ഡി എസ്. എം എല്‍ എ ചിക്കമാഡുവിന്റെ മകന്‍ അനില്‍ എന്നിവര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. അനിലിന്റെ കൂടെ കുടുംബാംഗങ്ങളും കോണ്‍ഗ്രസിലെത്തും. ബെംഗളൂരുവിലെ കെ പി സി സി ആസ്ഥാനത്ത് വെച്ചാണ് പാര്‍ട്ടി പ്രവേശനം. മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ പി സി സി പ്രസിഡന്റ് ജി പരമേശ്വര എന്നിവര്‍ പങ്കെടുക്കും. മത്സരിക്കാന്‍ അനിലിന് ജെ ഡി എസ് നേതൃത്വം ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി ടിക്കറ്റ് നല്‍കാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കിയതോടെയാണ് അനില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ മൈസൂരു നഗരത്തിലെ മണ്ഡലങ്ങളില്‍ പാര്‍ട്ടി ടിക്കറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഊര്‍ജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭരണകക്ഷിയായ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെത്താന്‍ മറ്റ് പാര്‍ട്ടികളിലെ എം എല്‍ എമാരും നേതാക്കളും തയ്യാറായിരിക്കുന്നത്.

ജനതാദള്‍ സെക്കുലറിലെ (ജെ ഡി എസ്) ഏഴ് സിറ്റിംഗ് എം എല്‍ എമാര്‍ ഉടന്‍തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇതിനകം കോണ്‍ഗ്രസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാസം അവസാനം നിയമസഭാ സമ്മേളനം അവസാനിക്കുന്നതോടെ ഈ ഏഴ് പേരും ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വരുന്നത് ഒഴിവാക്കാനാണ് നിയമസഭാ സമ്മേളനം കഴിഞ്ഞ് എം എല്‍ എ സ്ഥാനങ്ങള്‍ രാജിവെച്ച് ഇവര്‍ കോണ്‍ഗ്രസിലെത്തുന്നത്. അതേസമയം, ജെ ഡി എസിലെ രണ്ട് എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ആറോളം കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഇതിനകം തങ്ങളുമായി ബന്ധപ്പെട്ടെന്നും ഇവര്‍ ഉടന്‍തന്നെ തങ്ങള്‍ക്കൊപ്പം ചേരുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദിയൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വര ഈ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു.
ബെല്ലാരിയിലെ ഖനി, ഗതാഗത വ്യവസായി കൂടിയാണ് ബി ജെ പിയില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ആനന്ദ് സിംഗ്. രണ്ട് തവണ എം എല്‍ എയായി. ഒരു തവണ മന്ത്രിയുമായിരുന്നു ഇദ്ദേഹം. ബെല്ലാരി മേഖലയില്‍ ആനന്ദ് സിംഗിനുള്ള സ്വാധീനം കണക്കിലെടുത്തും തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം പാര്‍ട്ടിക്ക് പ്രയോജനകരമാകുമെന്ന കണക്കുകൂട്ടലിലുമാണ് സിംഗിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ നേതാക്കള്‍ കരുക്കള്‍ നീക്കിയത്. 104 കോടിയുടെ രൂപയുടെ സ്വത്ത് തനിക്ക് ഉണ്ടെന്നാണ് 2013 ലെ തിരഞ്ഞെടുപ്പില്‍ ആനന്ദ് സിംഗ് സത്യവാങ്മൂലം നല്‍കിയത്.