Connect with us

National

അടിഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി ബസ് ഓടിയത് എഴുപത് കിലോമീറ്റര്‍

Published

|

Last Updated

ബെംഗളൂരു: അടിഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി കര്‍ണാടക ആര്‍ ടി സി ബസ് ഓടിയത് എഴുപത് കിലോമീറ്റര്‍ ദൂരം. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട നോണ്‍ എ സി സ്ലീപ്പര്‍ ബസാണ് മൃതദേഹം ബസിനടിയില്‍ കുടുങ്ങിയത് അറിയാതെ ഇത്രയും ദൂരം ഓടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിനഗര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ മുഈനുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്ന് മൈസൂരു- മാണ്ഡ്യ ചെന്നരായപട്ടണ വഴിയാണ് ബസ് ബെംഗളൂരൂവിലേക്ക് യാത്ര തിരിച്ചത്. ചെന്നരായപട്ടണയില്‍ എത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. കല്ല് ബസിനടിയില്‍ തട്ടിയതെന്നാണ് കരുതിയതെന്നും റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വാഭാവികമായി മറ്റൊന്നും കാണാത്തതിനാലാണ് യാത്ര തുടര്‍ന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ 2.35 ഓടെയാണ് ബസ് ബെംഗളൂരുവിലെത്തിയത്. മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷന്‍, മെജസ്റ്റിക്, ശാന്തിനഗര്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തിയതിന് ശേഷം ബസ് ബെംഗളൂരുവിലെ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തു.

എട്ട് മണിയോടെ ബസ് കഴുകാനായി മാറ്റിയപ്പോഴാണ് ബസിനടിയില്‍ മൃതദേഹം കുടുങ്ങിക്കിടക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ റെസ്റ്റ് റൂമില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെയും പോലീസിനെയും വിവരമറിയിച്ചു.
ബസിനടിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഇടയാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.