തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം; കൈമലര്‍ത്തി സര്‍വകലാശാലയും കോണ്‍സുലേറ്റും

അജ്മാന്‍
Posted on: February 3, 2018 10:00 pm | Last updated: February 5, 2018 at 7:09 pm

ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്ന് െ്രെപവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നത്തില്‍ സര്‍വകലാശാലയും ഇന്ത്യന്‍ കോണ്‍സുലേറ്റും സ്വീകരിക്കുന്നത് ചിറ്റമ്മ നയമെന്ന് വ്യാപക പരാതി.

ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന അഴകൊഴമ്പന്‍ മറുപടിയാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും സര്‍വകലാശാല അധികൃതരില്‍ നിന്നും ലഭിച്ചതെന്ന് പരാതി നല്‍കിയ അധ്യാപകര്‍ പറഞ്ഞു.
െ്രെപവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് യു എ ഇയില്‍ തുല്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന കാര്യം അറിയാതെ ഇപ്പോഴും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് കേരളത്തിലെ വിവിധ കോളജുകളിലായി പഠിച്ചുകൊണ്ടിരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് യു എ ഇയില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ ചിലര്‍ നേരത്തെ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബശീറുമായി നേരിട്ട് ചര്‍ച്ചനടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാലക്ക് ഒന്നും ചെയ്യാനാകില്ലെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനാണ് (യു ജി സി) നടപടി സ്വീകരിക്കേണ്ടതെന്നുമാണ് കെ മുഹമ്മദ് ബശീര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അധ്യാപകരെ അറിയിച്ചത്. ഇക്കാര്യത്തില്‍ യു ജി സി അനുകൂല നിലപാടുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
നേരത്തെ സ്വകാര്യ കോളജുകളില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ യു എ ഇയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കെങ്കിലും റഗുലര്‍ പദവി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് അധ്യാപകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സര്‍വകലാശാല നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല. ഇതാണ് നിരവധി അധ്യാപകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഏതെങ്കിലും ഒരു സര്‍വകലാശാല ആ സര്‍വകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന് അംഗീകരിക്കുന്ന രേഖയാണ് തുല്യത സര്‍ട്ടിഫിക്കറ്റ് അഥവാ ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്.

കേരളത്തിലെ മലബാര്‍ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഏറെ പ്രതിസന്ധിയിലായത്. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ കോളേജുകള്‍ കുറവായതിനാല്‍ പാരലല്‍ കോളജിലും യതീംഖാനകളിലും മറ്റു സ്ഥാപങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ബിരുദവും ബിരുദാനന്തര കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ കോളജിലെ കുട്ടികള്‍ക്ക് നല്‍കുന്ന സമാന സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ക്കും നല്‍കിയിരുന്നത്. െ്രെപവറ്റ്, ഡിസ്റ്റന്‍സ് എന്നിങ്ങനെയുള്ള വേര്‍തിരിവ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താല്‍ െ്രെപവറ്റ് കോളജുകളില്‍ പഠനം നടത്തിയവരോടുള്ള വേര്‍തിരിവും ഉണ്ടായിരുന്നില്ല.

അതേസമയം സര്‍ട്ടിഫിക്കറ്റ് തുല്യത ലഭിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന മറുപടിയാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

ഇക്കാര്യത്തില്‍ രാഷ്ട്രീയപരമായോ നിയമപരമായോ ഹൈക്കോടതി വഴിയുള്ള ഇടപെടല്‍ സാധ്യമാകുമോ എന്നാണിനി പ്രതീക്ഷ. യു എ ഇയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് നാട്ടില്‍ ചെന്ന് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനോ ഇവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള പൊതുവേദിയില്ലാത്തതും പ്രതിസന്ധിയിലാക്കുന്നുണ്ട്. കേരളത്തിലെ അധ്യാപക സംഘടനകള്‍ സ്വകാര്യമേഖലയിലെ ഉദ്യോഗാര്‍ഥികളെ പരിഗണിക്കാറുമില്ല