തെരുവ്ബാല്യം നിര്‍മാര്‍ജനം ലക്ഷ്യമിട്ട് പരിശോധനാ സംഘം രൂപവത്കരിക്കുന്നു

Posted on: February 2, 2018 11:53 pm | Last updated: February 2, 2018 at 11:53 pm

പാലക്കാട്: ബാലവേല, ബാലഭിക്ഷാടനം, കുട്ടികടത്ത്, ചൂഷണം എന്നിവയ്ക്ക് വിധേയരാകുന്ന കുട്ടികളെ കണ്ടെത്താന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാതല പരിശോധനാ സംഘത്തെ രൂപവത്കരിക്കുന്നു.

സംസ്ഥാന വ്യാപകമായി വനിതാ-ശിശു വികസന വകുപ്പ് മുഖേന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായാണ് നടപടി. പൊലീസ്, വനംവകുപ്പ്, തൊഴില്‍ വകുപ്പ്, ഡി എം ഒ, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ചൈല്‍ഡ്‌ലൈന്‍, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസ് പ്രതിനിധികള്‍ ഉള്‍പ്പെട്ട പരിശോധനാ സംഘമാണ് രൂപവത്കരിക്കുക. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും അവലോകനവും ജില്ലാ കലക്ടര്‍ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

റെയില്‍വേസ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ലേബര്‍ കാംപുകള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ , തീര്‍ത്ഥാടന കേന്ദ്ര പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും കൂടുതല്‍ പരിശോധനകള്‍ നടക്കുക.
കുട്ടികളെ ബാലവേല, ഭിക്ഷാടനം , കുട്ടികടത്ത്, ചൂഷണം എന്നിവയ്ക്ക് വിധേയരാക്കുന്നവരെ പരിശോധനയില്‍ കണ്ടെത്തിയാല്‍ ബാലനീതി, ബാലവേല നിരോധന നിയമ പ്രകാരം പൊലീസ് കേസെടുക്കുന്നതാണ്. ഇത്തരത്തില്‍ കുട്ടികളെ കണ്ടെത്തിയാല്‍ അവരുടെ രക്ഷിതാക്കളെന്ന് അവകാശപ്പെടുന്നവരെ സംശയമുണ്ടെങ്കില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ നടപടി സ്വീകരിക്കും. മോചിപ്പിക്കപ്പെടുന്ന കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംരക്ഷണം ആവശ്യമുളള കുട്ടികളെ അംഗീകൃത ശിശു സംരക്ഷണ സ്ഥാപനത്തില്‍ താമസിപ്പിക്കാനാണ് പദ്ധതി പ്രകാരമുളള തീരുമാനം.

സ്‌കൂളുകളില്‍ നിന്ന് പാതിവഴിയില്‍ പഠനം മതിയാക്കി പോകുന്നതും കാരണമില്ലാതെ സ്‌ക്കൂളില്‍ എത്താത്തതുമായ കുട്ടികളെ സംബന്ധിച്ച വിദ്യാഭ്യാസ ഉപഡയറക്ടറില്‍ നിന്ന് വിവരം ശേഖരിച്ച് ഈ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി തുടര്‍ നടപടി സ്വീകരിക്കും. മോചിപ്പിക്കപ്പെടുന്നത് ഇതരസംസ്ഥാനത്തെ കുട്ടികളാണെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാനത്തെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുന്നതിനുളള നടപടിയും പദ്ധതി പ്രകാരം സ്വീകരിക്കും. നിലവില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പദ്ധതി ആരംഭിച്ചിട്ടുളളത്.

ഈ ജില്ലകളില്‍ പദ്ധതി ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തില്‍ മറ്റ് ജില്ലകളില്‍ അനധികൃതമായി കുട്ടികളെ കൊണ്ടു വരുന്നതും ചൂഷണം ചെയ്യുന്നതിനുമുളള സാധ്യത കൂടി കണക്കിലെടുത്ത് പാലക്കാട് ജില്ലയില്‍ പദ്ധതിപ്രവര്‍ത്തനം ഊര്‍ജിതമാക്കി പരിശോധനാ സംഘത്തെ സജീവമാക്കാനാണ് തീരുമാനമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ ആനന്ദന്‍ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ആര്‍ പ്രഭുല്ലദാസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ എ നാസര്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പുത്തന്‍ചിറ, വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം ആര്‍ രോഹിണി, ജില്ലാ ലേബര്‍ ഓഫീസര്‍ പ്രതിനിധി പങ്കെടുത്തു.