സ്തീസുരക്ഷക്ക് ഊന്നല്‍; സ്ത്രീകള്‍ക്കായി 1267 കോടി

Posted on: February 2, 2018 10:50 am | Last updated: February 2, 2018 at 11:24 am

തിരുവനന്തപുരം: സ്ത്രീ സൗഹൃദ പദ്ധതികള്‍ക്ക് മുന്തിയ പരിഗണനയാണ് തോമസ് ഐസക് ബജറ്റില്‍ നല്‍കിയത്. ബജറ്റിന്റെ 13.6 ശതമാനം തുകയും സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. സ്ത്രീ സൗഹൃദ ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാക്കി ബജറ്റ് പ്രസംഗം തുടങ്ങിയ ധനമന്ത്രി പ്രസംഗത്തിലുടനീളം സ്ത്രീ എഴുത്തുകാരുടെ കവിതകളും നോവലും കഥകളും ഉദ്ധരിക്കുകയും ചെയ്തു.

വനിതാ സൗഹൃദ പദ്ധതികള്‍ക്ക് 1267 കോടി അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ക്കായി 50 കോടി അനുവദിച്ചു. വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി ഉയര്‍ത്തി. കുടുംബശ്രീക്ക് 200 കോടി രൂപയാണ് വകയിരുത്തിയത്. 2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കൊച്ചിയില്‍ ഷീ ലോഡ്ജ്, ആശാവര്‍ക്കര്‍മാരുടെ വേതനം 2000 രൂപയാക്കി, ട്രാന്‍ജന്റഡര്‍ സമൂഹത്തിന്റെ ക്ഷേമത്തിന് പത്ത് കോടി വകയിരുത്തി തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.