ജെയ്റ്റ്‌ലിയുടെ പുകമറകള്‍

Posted on: February 2, 2018 6:07 am | Last updated: February 1, 2018 at 11:09 pm

അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കോര്‍പറേറ്റ് മൂലധന താത്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്നതും 2019ലെ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് ജനപ്രിയ വാഗ്ദാനങ്ങള്‍ വാരി വിതറുന്നതുമാണ്. കഴിഞ്ഞ നാല് വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ നയങ്ങളെ ഉയര്‍ന്ന ഘട്ടത്തിലേക്ക് എത്തിക്കുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.

കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 25 ശതമാനം കുറച്ചുകൊടുത്തു. ബേങ്കിംഗ് ഇന്‍ഷ്വറന്‍സ് രംഗത്തു നിന്നും ഊര്‍ജ വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന ഉത്പാദന മേഖലയില്‍ നിന്നും പൊതുമേഖലയെ ഒഴിവാക്കുന്ന പരിഷ്‌കാരങ്ങളാണ് ബജറ്റ് നിര്‍ദേശങ്ങളായി വന്നിരിക്കുന്നത്. ആഗോളഫൈനാന്‍സ് മൂലധന കുത്തകകള്‍ക്ക് ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങളെ റാഞ്ചിയെടുക്കാന്‍ സൗകര്യമൊരുക്കി ക്കൊടുക്കുകയാണ് ബജറ്റിലൂടെ അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യന്‍ ബേങ്കിംഗ് രംഗത്ത് സിന്തറ്റിക് കമ്പനികളെ പ്രോത്സാഹിപ്പിക്കും എന്നാണ് അദ്ദേഹം ബജറ്റില്‍ പറഞ്ഞത്. ഫൈനാന്‍സ് മൂലധന രംഗത്തെ യുറോ അമേരിക്കന്‍ കമ്പനികളെയാണ് സിന്തറ്റിക് കമ്പനികള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യന്‍ ബേങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സിന്തറ്റിക് കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്ന ദേശവിരുദ്ധമായ നിലപാടുകളാണ് ബജറ്റിലുള്ളത്.

നോട്ട് നിരോധനവും ജി എസ് ടിയും വഴി വരുമാനച്ചോര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റ് വിഭവസമാഹരണം നടത്തുന്നതിലാണ് ബജറ്റ് ഊന്നുന്നത്. കഴിഞ്ഞ 25 വര്‍ഷക്കാലമായി തുടരുന്ന ഡീ ഇന്‍വെസ്റ്റ്‌മെന്റ് നയങ്ങള്‍ക്ക് ഗതിവേഗം കൂട്ടുന്നതാണ് ഈ ബജറ്റ്. കോര്‍പറേറ്റുകള്‍ക്കു നികുതി കുറച്ചുകൊടുത്ത അരുണ്‍ജെയ്റ്റ്‌ലി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന പെട്രോളിയം എക്‌സൈസ് നികുതിയുടെ കാര്യത്തില്‍ കുറ്റകരമായ മൗനം പുലര്‍ത്തുകയാണ് ചെയ്തത്. നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും പിടിച്ചുനിര്‍ത്താനാകാത്ത വിലക്കയറ്റത്തിന് കാരണം പെട്രോളിയം വിലവര്‍ധനവാണ്. പാവപ്പെട്ടവരെ പിഴിഞ്ഞൂറ്റുകയും കോര്‍പറേറ്റകള്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുന്ന സമീപനമാണ് ബജറ്റില്‍ ഉടനീളമുള്ളത്.

രാജ്യത്തെ 50 ശതമാനം ജനങ്ങളുടെ ഉപജീവനമാര്‍ഗമായ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വാഗ്ദാനങ്ങളാണത്. 2014ല്‍ കാര്‍ഷിക പ്രതിസന്ധിക്കും കര്‍ഷക ആത്മഹത്യക്കും കാരണമായ ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയാന്‍ കര്‍ഷകര്‍ക്ക് ഉത്പാദനച്ചെലവിന്റെ ഇരട്ടി കൂട്ടി താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്താണ് മോദി അധികാരമേറ്റത്. നാല് വര്‍ഷക്കാലം ഒന്നും ചെയ്തില്ല.

ഇപ്പോള്‍ രാജ്യത്ത് വളര്‍ന്നുവരുന്ന കര്‍ഷകസമരങ്ങളുടെ മുമ്പില്‍ നിന്ന് രക്ഷപ്പെടാനായി കമ്പോള വിലക്കനുസൃതമായി താങ്ങുവില ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത് ശുദ്ധ തട്ടിപ്പാണ്. ഇറക്കുമതി മൂലം കാര്‍ഷിക ഉത്പന്ന വില അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ കമ്പോള വിലക്കനുസരിച്ചുള്ള താങ്ങുവില എന്നത് കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതല്ല.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്ന് മേനി പറഞ്ഞ് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ 50 കോടി മനുഷ്യര്‍ക്ക് ഈ പദ്ധതിയുടെ സഹായം കിട്ടുമെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. ഇതേ ജെയ്റ്റ്‌ലി കഴിഞ്ഞ ബജറ്റില്‍ 40 കോടി ഇന്ത്യക്കാര്‍ക്കായി ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതെന്തായി എന്നുപോലും പുതിയ പ്രഖ്യാപനം നടത്തുമ്പോള്‍ അദ്ദേഹം പറഞ്ഞില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി, ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തങ്ങളുടെ കോര്‍പറേറ്റ് സേവക്ക് പുകമറ തീര്‍ക്കുകയാണ് ബജറ്റിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍.