‘രാജ്യത്തിന്റെ ഉന്നതിക്കായി യുവതക്ക് നേതാക്കളുടെ പൂര്‍ണ പിന്തുണ’

Posted on: February 1, 2018 9:53 pm | Last updated: February 1, 2018 at 9:53 pm
ദുബൈ ഫ്രെയിമിനകത്ത് ചേര്‍ന്ന ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍-സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംയുക്ത യോഗം

ദുബൈ: ആഗോളതലത്തില്‍ രാജ്യത്തിന്റെ ഉന്നതി ഉയര്‍ത്താനും, യുവതീ-യുവാക്കളുടെ ഉന്നമനത്തിനാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും രാഷ്ട്രനേതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.

ദുബൈ ഫ്രെയിമിനകത്ത് നടന്ന ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളുടെയും യൂത്ത് കൗണ്‍സില്‍ അംഗങ്ങളുടെയും യോഗത്തിലാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം. യോഗത്തില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവരും പങ്കെടുത്തു.
രാഷ്ട്രത്തിന്റെ ഭാവി പരുവപ്പെടുത്തിയെടുക്കാന്‍ യുവാക്കളുടെ പങ്ക് നിര്‍ണായകമാണ്. രാജ്യത്തിന്റെ അഭിമാനവും സംരക്ഷകരുമാണ് യുവത.
സാംസ്‌കാരിക-പൈതൃക-കലാ-സാഹിത്യ മേഖലകളില്‍ ദുബൈയെ ആഗോള നഗരമാക്കി മാറ്റിയെടുക്കാനാവശ്യമായ പദ്ധതികളും യോഗത്തില്‍ ചര്‍ച്ചചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവതരിപ്പിച്ച ദുബൈ പ്ലാന്‍-2021ന്റെ ഭാഗമായാണിത്.

സാമൂഹിക വികസന അതോറിറ്റി മുന്നോട്ടുവെച്ച ചൈല്‍ഡ് ഹുഡ് ഡവലപ്‌മെന്റ് സ്ട്രാറ്റജിക്ക് യോഗം അംഗീകാരം നല്‍കി.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ കഴിവിനെ പരിപോഷിപ്പിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കി മികച്ച നേട്ടം കൈവരിക്കാന്‍ ഉതകുന്നവരാക്കി കുട്ടികളെ മാറ്റിയെടുക്കുകയുമാണ് ലക്ഷ്യം.
ദുബൈ ഹെല്‍ത് അതോറിറ്റി അവതരിപ്പിച്ച വിദ്യാലയ ആരോഗ്യ നയവും കൗണ്‍സില്‍ അവലോകനം നടത്തി.
ദുബൈയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന സ്വദേശി-വിദേശി വിദ്യാര്‍ഥികളുടെ ആരോഗ്യ-രോഗപ്രതിരോധ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും ആരോഗ്യ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഡി എച്ച് എ അവതരിപ്പിച്ച പദ്ധതി.