Connect with us

Gulf

പിഴ ഒടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി ദുബൈ പോലീസ്

Published

|

Last Updated

ദുബൈ: ദുബൈയില്‍ സംഭവിക്കുന്ന ചെറിയ അപകടങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പിഴ ഒടുക്കുന്നതിനുള്ള സംവിധാനവുമായി അധികൃതര്‍. ദുബൈ പോലീസ് അധികൃതര്‍ ഏര്‍പെടുത്തിയ ആപ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയി പിഴ ഒടുക്കാവുന്നതാണ്. ചെറിയ അപകടങ്ങളില്‍ ആളപായമോ വാഹനങ്ങള്‍ക്ക് കേടുപാടുകളോ സംഭവിക്കാതിരിക്കുകയോ ചെയ്താലാണ് ഓണ്‍ലൈന്‍ വഴി പിഴ ഒടുക്കാന്‍ കഴിയുക. ഓണ്‍ലൈന്‍ അല്ലാതെ നേരിട്ട് അടക്കുന്നവര്‍ക്ക് 100 ദിര്‍ഹം അധിക ചാര്‍ജ് നല്‍കേണ്ടിവരും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കൊമേര്‍സ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ദുബൈ പോലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ 13 സേവനങ്ങള്‍ പ്രഖ്യാപിച്ചതോടെ വ്യക്തികള്‍ക്കും ഓണ്‍ലൈന്‍ ആയി കൂടുതല്‍ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരമാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്.

സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ചെറുകിട സ്ഥാപനങ്ങള്‍ക്ക് രാത്രികാലങ്ങളില്‍ താത്കാലികമായി പ്രവര്‍ത്തിക്കാനുള്ള വര്‍ക് പെര്‍മിറ്റ്, ട്രാഫിക് ആക്‌സിഡന്റ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ലഭിക്കുന്നതിനാണ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. 18 സേവനങ്ങളാണ് പോലീസ് ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ള കിയോസ്‌കുകളില്‍ നല്‍കുന്നതിന് പകരമായി ഓണ്‍ലൈന്‍ ആയി നല്‍കുക. വ്യക്തിഗതമായി സേവനങ്ങള്‍ ലഭിക്കുന്നതിന് 100 ദിര്‍ഹം അധികമായി നല്‍കേണ്ടതുണ്ട്.
ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം 2018ഓടുകൂടി 80 ശതമാനമായി കുറക്കുന്നതിനുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയ നിര്‍ദേശങ്ങളനുസരിച്ചാണ് പുതിയ പദ്ധതികളെന്ന് ദുബൈ പോലീസിന് കീഴിലെ ക്വാളിറ്റി ആന്‍ഡ് എക്‌സലന്‍സ് വിഭാഗം അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഡോ. അബ്ദുല്‍ ഖുദൂസ് അബ്ദുല്‍ റസാഖ് അല്‍ ഒബൈദി പറഞ്ഞു. ഇന്ന് മുതലാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം പ്രാബല്യത്തില്‍ വരിക.

 

Latest