മുജാഹിദിലെ പിളര്‍പ്പ്; ഐ എസ് എം പിരിച്ചുവിടണമെന്ന ആവശ്യവുമായി സലഫി വിഭാഗം

Posted on: February 1, 2018 9:45 am | Last updated: February 1, 2018 at 10:06 am

തിരൂരങ്ങാടി: മുജാഹിദിലെ പിളര്‍പ്പിനെ തുടര്‍ന്ന് മടവൂര്‍ വിഭാഗം ഐ എസ് എം സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഐ എസ് എമ്മിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി അബ്ദുര്‍റഹ്മാന്‍ സലഫി വിഭാഗം. മൗലവി വിഭാഗത്തില്‍ തന്നെ മടവൂര്‍ വിഭാഗവുമായി കടുത്ത എതിര്‍പ്പില്‍ കഴിയുന്ന സലഫി വിഭാഗം ഇതിനകം ഐ എസ് എമ്മിനെതിരെ പലതവണ കെ എന്‍ എം നേതൃത്വത്തെ സമീപിച്ചിരുന്നു.

കൂരിയാട് മുജാഹിദ് സമ്മേളനത്തിന് ശേഷം മടവൂര്‍ വിഭാഗം ഐ എസ് എമ്മിന്റെ പേരില്‍ ക്യാമ്പയിന്‍ തുടങ്ങിയത് കെ എന്‍ എമ്മിനെ വിഷമത്തിലാക്കിയിരുന്നു. ഹുസൈന്‍ മടവൂര്‍ അടക്കമുള്ളവരുടെ നിര്‍ദേശം അവഗണിച്ചാണത്രെ മടവൂര്‍ വിഭാഗം ക്യാമ്പയിന്‍ നടത്തുന്നത്. ഇത് നിര്‍ത്തിവെപ്പിക്കണമെന്ന ആവശ്യവുമായി അബ്ദുര്‍റഹ്മാന്‍ സലഫി വിഭാഗം ടി പി അബ്ദുല്ലക്കോയ മദനി അടക്കമുള്ള കെ എന്‍ എം നേതാക്കളെ സമീപിച്ചിരുന്നെങ്കിലും നേതൃത്വം നിസ്സഹായരാവുകയാണത്രെ ചെയ്തത്.
എന്നാല്‍ മടവൂര്‍ വിഭാഗം തങ്ങളുടെ ക്യാമ്പയിന്‍ ജില്ലാതലങ്ങളിലേക്കും പിന്നീട് മണ്ഡലം തലങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോള്‍ യൂനിറ്റ് തലങ്ങളിലേക്ക് കൂടി ഇറങ്ങിച്ചെന്നതോടെയാണ് സലഫി വിഭാഗം പ്രകോപിതരായത്. ഇതേത്തുടര്‍ന്നാണ് ഐ എസ് എമ്മിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ഇവര്‍ നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ ഒന്നും ചെയ്യാനാകാതെ നേതൃത്വം വട്ടംകറങ്ങുകയാണ്. കെ എന്‍ എമ്മിന്റെ കീഴ്ഘടകമായിട്ടാണ് ഇപ്പോള്‍ ഐ എസ് എം സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നടപടിയെടുക്കാത്തത് മടവൂര്‍ വിഭാഗത്തിന് ഏറെ സഹായകമാവുകയും ഔദ്യോഗിക പക്ഷത്തിന് ഏറെ ക്ഷീണം ചെയ്യുകയുമാണെന്ന് സലഫി വിഭാഗം കണക്കുകൂട്ടുന്നു.

അതിനിടെ, മടവൂര്‍ വിഭാഗവും മറു ഗ്രൂപ്പും പരസ്പരം അതീവ ഗുരുതരമായ ആദര്‍ശ വ്യതിചലന ആരോപണം തുടരുകയാണ്. ഞങ്ങളെ ചേകന്നൂരികള്‍ എന്ന് ആക്ഷേപിച്ചവരിലേക്ക് ഇപ്പോള്‍ അതേ ആരോപണം തിരിച്ച് കുത്തുകയാണെന്ന് മടവൂര്‍ വിഭാഗം പറയുന്നു. സ്ത്രീകള്‍ ജുമുഅക്കും ഖുതുബക്കും നേതൃത്വം നല്‍കാമെന്ന് എഴുതിയവരാണ് മടവൂര്‍ വിഭാഗമെന്ന് എതിര്‍വിഭാഗം പ്രചരിപ്പിക്കുന്നു. മടവൂര്‍ വിഭാഗത്തെ പ്രതിരോധിക്കാനായി സലഫി വിഭാഗം നടത്തുന്ന കുടുംബ സംഗമം കൂടുതല്‍ വ്യാപകമാക്കാനും പരിപാടിയുണ്ട്.