എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ ഇന്ന്

Posted on: February 1, 2018 8:52 am | Last updated: February 1, 2018 at 12:25 pm

തിരുവനന്തപുരം/കൊച്ചി: ഫോണ്‍ കെണി വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്‍ കോടതിയിലുണ്ടായിരുന്ന കേസ് അവസാനിച്ച സാഹചര്യത്തില്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് 76 ദിവസമായി മുഖ്യമന്ത്രിയുടെ ചുമതലയിലുണ്ടായിരുന്ന ഗതാഗത വകുപ്പിന് ഇതോടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയെ ലഭിക്കും.
കഴിഞ്ഞ ദിവസം എന്‍ സി പി ദേശീയ പ്രസിഡന്റ് ശരത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ എ കെ ശശീന്ദ്രന് മന്ത്രിസഭയിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ചൊവ്വാഴ്ച എന്‍ സി പി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ടി പി പീതാംബരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പാര്‍ട്ടി തീരുമാനം അറിയിച്ചു.

എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ചൊവ്വാഴ്ച തന്നെ കത്ത് നല്‍കിയിരുന്നു. ഉച്ചയ്ക്ക് മൂന്നിനു ശേഷം രാജ്ഭവനില്‍ ചടങ്ങ് നടത്താമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമായി നടത്തിയ ആശയവിനിമയത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഫോണിലൂടെയുള്ള മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും കായല്‍ കൈയേറ്റ വിവാദങ്ങളെ തുടര്‍ന്ന് 2017 നവംബര്‍ 15ന് രാജിവെച്ചു.
അതേസമയം സ്വകാര്യ ചാനല്‍ ലേഖികയോട് മോശമായി പെരുമാറിയെന്ന കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി.

നേരത്തെ എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നടപടി സ്വീകരിക്കവെ മഹാലക്ഷ്മിയെന്ന പേരില്‍ ഒരു ഹരജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസായതിനാല്‍ ഹരജിയില്‍ നടപടി അവസാനിപ്പിക്കരുതെന്നായിരുന്നു ആവശ്യം. തുടര്‍ന്ന്, ഹരജി പരിഗണിച്ച കോടതി അത് തള്ളിയാണ് ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ പുതിയ ഹരജി സമര്‍പ്പിക്കപ്പെട്ടത്. എന്‍ സി പിയിലെ ഇരു എം എല്‍ എമാര്‍ക്കും കേസുകളുള്ള സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നതായിരുന്നു മുന്നണിയിലെ ധാരണ. ഈ ധാരണ പ്രകാരമാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലെത്തുന്നത്.