Connect with us

Articles

സെന്‍സോറിയം: നാളെയെ കുറിച്ച് ആലോചിക്കാനുള്ള കൂടിയിരിപ്പ്

Published

|

Last Updated

ഇസ്‌ലാമിക നവോത്ഥാനത്തിന്റെ കേരളീയ ചരിത്രം പൊന്നാന്നിയില്‍ വിളക്കത്തിരുന്നാണ് ഗ്രാമങ്ങളെ തേടിയിറങ്ങിയത്. മഖ്ദൂമുമാര്‍ തുടങ്ങിവെച്ച പള്ളി ദര്‍സുകള്‍ അനേകം പണ്ഡിതര്‍ക്ക് ജന്മം നല്‍കുകയും അവരിലൂടെ ഈ നാട് പ്രകാശിതമാകുകയും ചെയ്തു എന്ന് ചരിത്രം പരതിയാല്‍ ആര്‍ക്കും ബോധ്യമാകും. വിശ്വാസവും കര്‍മവും തസ്വവ്വുഫും തുടങ്ങി ആത്മീയ ജീവിതത്തെ ക്രമപ്പെടുത്താനാവശ്യമായ വിജ്ഞാനശാഖകള്‍ മാത്രമായിരുന്നില്ല അവരുടെ പാഠ്യപദ്ധതിയിലുണ്ടായിരുന്നത്. ഗണിതവും ഗോളശാസ്ത്രവും ചരിത്രവും സാഹിത്യവുമെല്ലാം അവരുടെ പ്രമേയമായി. പാഠ്യപദ്ധതിയുടെ സമഗ്രതയും വൈവിധ്യവും അധ്യാപനത്തിന്റെ ആഴവും ചേര്‍ന്നതിനാലാകാം കേരളത്തിലെ പള്ളിദര്‍സുകള്‍ ബഹുമുഖ പ്രതിഭകളായ അനേകം പണ്ഡിതരെ സമൂഹത്തിന് സമ്മാനിച്ചു. അവര്‍ ഗ്രന്ഥങ്ങള്‍ നോക്കി അധ്യാപനം നടത്തുന്നവരോ മതവിധികളന്വേഷിച്ചെത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നവരോ മാത്രമായിരുന്നില്ല. ലോകപ്രസിദ്ധമായ അനേകം ഗ്രന്ഥങ്ങള്‍ കേരളീയ ദര്‍സുകളുടെ സന്തതികള്‍ സമൂഹത്തിന് സമര്‍പ്പിച്ചു. പ്രഭാഷണങ്ങളുടെ രസതന്ത്രമറിഞ്ഞ അവര്‍ കേരളീയ മുസ്‌ലികളുടെ ചലന നിശ്ചലനങ്ങളെ ഊര്‍ജസ്വലമാക്കി. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിച്ചും മതസൗഹാര്‍ദത്തിന്റെ ചലനങ്ങളെ കൂട്ടിയിണക്കിയും അവര്‍ ഉലമാ ആക്ടിവിസത്തിന്റെ മാതൃകകളായി.

കാലം മാറിയപ്പോഴെല്ലാം അവര്‍ കര്‍മമണ്ഡലങ്ങളെ കാര്യക്ഷമമാക്കി. കേരളത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളേയും ഉള്‍കൊള്ളും വിധം സ്ഥാപിതമാകുകയും അതിരുകള്‍ ഭേദിച്ച് ഇതിരസംസ്ഥാനങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ബഹുമുഖ വിദ്യാഭ്യാസ സമുച്ഛയങ്ങള്‍ ആ നവീകരണത്തിന്റെ മനോഹര കാഴ്ചകളാണ്. നവജാഗരണത്തിന്റെ കാഹളം മുഴക്കി വിശ്രമമില്ലാതെ ചലിച്ചുകൊണ്ടേയിരിക്കുന്ന കേരളത്തിലെ സംഘടനാ കൂട്ടായ്മകള്‍ അതിന്റെ മറ്റൊരു കാഴ്ചയാണ്.

കാലം വീണ്ടും മാറുന്നു. ലോകത്തിലെ പ്രമേയങ്ങളും മനുഷ്യന്റെ അജന്‍ഡകളും മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതിക മേഖലകളിലുണ്ടായ വളര്‍ച്ച മനുഷ്യന്റെ നിത്യജീവിതത്തെപ്പോലും പുനര്‍നിര്‍ണയിച്ചിരിക്കുന്നു. കൂട്ടത്തില്‍ പ്രബോധകന്റെ സങ്കേതങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നു. ദേശവും കാലവും അതിരു നിര്‍ണയിക്കാത്ത ജനസഹസ്രങ്ങളായി പ്രബോധിതര്‍ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കേരളീയ പണ്ഡിതര്‍ക്ക് കാതോര്‍ക്കുന്നു. “ഫോര്‍ സെയില്‍” എന്ന പരസ്യ വാചകങ്ങള്‍ തൂങ്ങിക്കിടക്കുന്ന യൂറോപ്യന്‍ ചര്‍ച്ചുകള്‍ തങ്ങളുടെ സാധ്യതകളെ അടയാളപ്പെടുത്തുന്നു. മുന്‍ഗാമികള്‍ കേരളത്തില്‍ പ്രതിരോധിച്ച് നിര്‍ത്തിയ മതതീവ്രവാദികള്‍ ഐ എസ് ഐ എസായും ബോക്കോ ഹറാമായും ആയുധമണിയുന്നു.

ഈ സവിശേഷ സാഹചര്യത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് ഇസ്‌ലാമിക് സെന്‍സോറിയം നാളെയെ കുറിച്ച് ആലോചിക്കാനുള്ള കൂടിയിരിപ്പാണ്. അറിവനുഭവങ്ങളുടെ സമ്പന്നമായ കഴിഞ്ഞ കാലത്തെ സെന്‍സോറിയം ഓര്‍ത്തെടുക്കും. പണ്ഡിത ശ്രേഷ്ഠരുടെ ദര്‍സുകളിലിരുന്ന്, പുതിയ സങ്കേതങ്ങളെ പരീക്ഷിച്ചപ്പോള്‍ നഷ്ടമാകുന്നോ എന്ന് സംശയിക്കുന്ന പാരമ്പര്യത്തിന്റെ തനിമയെ കൂടെ നിറുത്തും. ആഴമുള്ള പഠനത്തിന്റെയും ഉന്നം പിഴക്കാത്ത അന്വേഷണത്തിന്റെയും ദര്‍സനുഭവങ്ങള്‍ കഴിഞ്ഞ തലമുറയിലെ മഹാരഥന്മാര്‍ അവര്‍ക്ക് കൈമാറും.

അവാന്തര വിഭാഗങ്ങളുടെ വികല വീക്ഷണങ്ങളെ മര്‍മമറിഞ്ഞ് പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ വിജയം വരിച്ച അനുഭവങ്ങളായി അവരെ തേടിയെത്തും. ചെത്തിമിനുക്കിയ വാക്കുകള്‍ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും എങ്ങനെ ലക്ഷ്യം നേടുമെന്ന് അവരറിയും. കേരളത്തിന്റെ അതിരുവരച്ച സ്വപ്‌നങ്ങളെ ലോകത്തേക്കാളുമുയരത്തില്‍ പ്രതിഷ്ഠിക്കും. ആത്മാഭിമാനത്തിന്റെയും ജ്ഞാന സമൃദ്ധിയുടെയും ആദര്‍ശ നിഷ്ഠയുടെ നെടുനായകത്വത്തിന്റെയും ഓര്‍മകളാണ് താജുല്‍ ഉലമ. തീര്‍ച്ചയായും താജ് വാലി ആ മഹത്വങ്ങളെയെല്ലാം സ്വന്തമാക്കും. നമുക്ക് സ്വപ്‌നം കാണാം.

“ധൈഷണിക വിദ്യാര്‍ഥിത്വം, സര്‍ഗാത്മക ആവിഷ്‌കാരം” എന്ന പ്രമേയത്തില്‍ ഫെബ്രുവരി 2, 3, 4 തിയതികളില്‍ കുറ്റിയാടി താജ് വാലിയിലാണ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് സെന്‍സോറിയം നടക്കുന്നത്. ദഅവാ യൂനിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 500 പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംബന്ധിക്കുന്നത്. തുടര്‍ന്ന് നാലിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമ്പൂര്‍ണ മുതഅല്ലിം സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ മത സ്ഥാപനങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം മത വിദ്യാര്‍ഥികള്‍ സംബന്ധിക്കും. വിദ്യാര്‍ഥികളുടെ പഠനം, എഴുത്ത്, പ്രഭാഷണം എന്നീ മേഖലകളിലെ സമഗ്ര പരിശീലനമാണ് ക്യാമ്പില്‍ നടക്കുന്നത്. പാരമ്പര്യ ഇസ്‌ലാമിന്റെ തനത് രീതികളില്‍ ജ്ഞാനാന്വേഷണത്തിന്റെ പുതുവഴികള്‍ തേടുന്നതിനും പ്രയോഗവത്കരിക്കുന്നതിനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നവിധമാണ് ക്യാമ്പ് സംവിധാനിച്ചിരിക്കുന്നത്. സെന്‍സോറിയത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കിയ തഫ്‌സീര്‍ കോണ്‍ഫറന്‍സ്, ഫിഖ്ഹ് കോണ്‍ഫറന്‍സ്, സെന്‍സോ മീറ്റ്, ഖുറത്തുല്‍ ഐന്‍ ടെസ്റ്റ് തുടങ്ങിയ പദ്ധതികളും ഈ ലക്ഷ്യങ്ങള്‍ തന്നെയാണ് സാധൂകരിച്ചിരിക്കുന്നത്.

 

 

ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി
(എസ് എസ് എഫ്
സംസ്ഥാന പ്രസിഡന്റ്)

 

Latest