Connect with us

National

ഹജ്ജ്: അഞ്ചാം തവണക്കാരായ 65 കഴിഞ്ഞവരെ പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തിനായി അഞ്ചാം തവണയും അപേക്ഷിച്ച 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഹജ്ജ് നയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് കേരള ഹജ്ജ് കമ്മിറ്റി ഹരജി സമര്‍പ്പിച്ചത്.

ഇത്തവണത്തെ അപേക്ഷകരില്‍ അഞ്ചാം തവണക്കാരായ 65 വയസ്സ് തികഞ്ഞവര്‍ എത്ര പേരുണ്ടെന്നും ഇതുസംബന്ധിച്ച കൃത്യമായ എണ്ണം അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാറിനോട് ബഞ്ച് ആവശ്യപ്പെട്ടു. അപേക്ഷകരുടെ പേര് വിവരങ്ങള്‍ പട്ടിക രൂപത്തിലാക്കി അവതരിപ്പിക്കാനാണ് ബഞ്ച് നിര്‍ദേശിച്ചത്. കേസ് അടുത്ത മാസം 19ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി നാല് തവണ അപേക്ഷിച്ചിട്ടും അവസരം കിട്ടാത്തവര്‍ക്കും എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ചിരുന്നു.

ഇതിനെതിരെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ക്വാട്ട വര്‍ധിപ്പിച്ച നടപടിയെയും കേരളത്തില്‍ നിന്ന് ഹജ്ജ് വിമാനം പുറപ്പെടുന്ന കേന്ദ്രം (ഹജ്ജ് എംബാര്‍ക്കേഷന്‍) കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് പുനഃസ്ഥാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ല.

കേന്ദ്ര സര്‍ക്കാര്‍ നയം മാറ്റിയത് കാരണം ഈ വര്‍ഷം അപേക്ഷകരുടെ കുറവുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി കോടതിയില്‍ വിശദീകരിച്ചു. നാല് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 13,311 ആയിരുന്നു. നയം മാറിയതോടെ ഇത്രയും പേര്‍ അഞ്ചാം വര്‍ഷം അപേക്ഷിച്ചില്ല. 11,050 പേര്‍ മാത്രം ആണ് അതില്‍ ഈ വര്‍ഷം അപേക്ഷിച്ചവര്‍. ഇവരില്‍ 1,468 പേര്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അഞ്ചാം തവണ അപേക്ഷിച്ച 9,682 പേര്‍ക്ക് അവസരം ലഭിച്ചില്ല. അഞ്ചാം വര്‍ഷക്കാരുടെ അവസരം നിഷേധിച്ചത് വിവേചനമാണ്. അവസരം ലഭിക്കാതെ വന്ന അഞ്ചാം വര്‍ഷക്കാരില്‍ ഭൂരിഭാഗവും പ്രായാധിക്യം ചെന്ന 65ന് മുകളിലുള്ളവരാണെന്നും ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാണിച്ചു.
ഇതോടെയാണ് 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ബഞ്ച് ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കണക്ക് വരുന്ന പക്ഷം ആവശ്യമായ തീരുമാനം കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി. ഇതിനു ശേഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തീര്‍ഥാടനത്തിനു പോകുന്ന മലബാര്‍ പ്രദേശത്തെ വിമാനത്താവളമായ കരിപ്പൂരിനെ സംസ്ഥാനത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പ്രഖ്യാപിക്കണമെന്ന ആവശ്യം പ്രശാന്ത് ഭൂഷണ്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ഇതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. നെടുമ്പാശ്ശേരിയിലേതാണ് കരിപ്പൂരിലേതിനെക്കാള്‍ വലിയ വിമാനത്താവളം. അതിനാലാണ് നെടുമ്പാശ്ശേരിയെ എംബാര്‍ക്കേഷന്‍ പോയിന്റായി തിരഞ്ഞെടുത്തതെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് വാദിച്ചു.