സാംസ്‌കാരിക രംഗത്തെ കര്‍സേവകള്‍

ചിറ്റോറിന്റെ രജപുത്ര ഭരണചരിത്രത്തില്‍ പത്മാവതിയെന്ന പേരില്‍ ഒരു റാണിയുണ്ടോ എന്ന കാര്യം തന്നെ ചരിത്രകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ല. തീര്‍ത്തും ഭാവനാകല്‍പ്പിതമായ കഥയും കഥാപാത്രവുമാണ് പത്മാവതിയുടെത്. എന്നിട്ടും റാണി പത്മാവതിയെ സിനിമയില്‍ അപകീര്‍ത്തികരമായി ആവിഷ്‌കരിക്കുകയാണെന്നും അത് രജപുത്ര സമൂഹത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തലാണെന്നും ആരോപിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്. സിനിമയിലെ ഗുമര്‍ എന്ന പാട്ട് രംഗത്ത് റാണി പത്മാവതി നൃത്തം ചെയ്യുന്ന ദൃശ്യമുണ്ടെന്നും രജപുത്ര റാണിമാര്‍ ആരുടെ മുമ്പിലും നൃത്തം ചെയ്യാറില്ലെന്നും ഇത് റാണിയെയും രജപുത്രാഭിമാനത്തെയും അപമാനിക്കലാണെന്നുമൊക്കെയാണ് ആരോപണങ്ങള്‍.  
Posted on: January 30, 2018 6:18 am | Last updated: January 29, 2018 at 11:27 pm

നവലിബറല്‍ നയങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും വളര്‍ന്നുവരുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇതര ജനസമൂഹങ്ങളുടെയും പ്രക്ഷോഭങ്ങളെയും സമരങ്ങളെയും വഴിതിരിച്ചുവിടാന്‍ കൂടിയാണ് വര്‍ഗീയത കെട്ടഴിച്ചുവിടുന്നതെന്നതാണ് യാഥാര്‍ഥ്യം. റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട കുംഭകോണം വിവാദമായ സന്ദര്‍ഭത്തിലാണ് പത്മാവതി സിനിമക്കെതിരെ സംഘ്പരിവാറിന്റെ അക്രമണഭീഷണി ഉയര്‍ന്നുവന്നതെന്നത് യാദൃശ്ചികമാകാനിടയില്ല. മാത്രമല്ല രാജസ്ഥാനിലെ കര്‍ഷകസമരം എല്ലാ ജാതിമത സമൂഹങ്ങളിലും പെട്ടവരെ ബി ജെ പി സര്‍ക്കാറിനെതിരെ അണിനിരത്തുന്നതില്‍ വിജയിച്ച സന്ദര്‍ഭം കൂടി സംഘ്പരിവാറിന്റെ വര്‍ഗീയവത്കരണ നടപടികള്‍ക്ക് വേഗം കൂട്ടിയിട്ടുണ്ട്.

16-ാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി കവിയായ മാലിക്മുഹമ്മദ് ജെയ്‌സിയാണ് പത്മാവതിയെന്ന പ്രണയകാവ്യം രചിച്ചത്. ഈ കാവ്യത്തെ ആസ്പദമാക്കിയാണ് പത്മാവതിയെന്ന സിനിമ ആവിഷ്‌കരിക്കപ്പെട്ടത്. 14-ാം നൂറ്റാണ്ടില്‍ നടന്ന ചിറ്റോറിലെ രജപുത്ര സാമ്രാജ്യത്തിനെതിരായ അലാവുദ്ദീന്‍ ഖില്‍ജിയുടെ യുദ്ധമാണ് ഈ പ്രണയകാവ്യത്തിന്റെ പശ്ചാത്തലം. ചരിത്രസംഭവങ്ങളെയും കഥാപാത്രങ്ങളെയും തങ്ങളുടെ ഭാവനക്കനുസരിച്ച് ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം കലാകാരന്മാര്‍ക്കുണ്ട്. ചിറ്റോറിന്റെ രജപുത്ര ഭരണചരിത്രത്തില്‍ പത്മാവതിയെന്ന പേരില്‍ ഒരു റാണിയുണ്ടോ എന്ന കാര്യംതന്നെ ചരിത്രകാരന്മാര്‍ സ്ഥിരീകരിച്ചിട്ടില്ല. തീര്‍ത്തും ഭാവനാകല്‍പിതമായ കഥയും കഥാപാത്രവുമാണ് പത്മാവതിയുടേത്. എന്നിട്ടും റാണി പത്മാവതിയെ സിനിമയില്‍ അപകീര്‍ത്തികരമായി ആവിഷ്‌കരിക്കുകയാണെന്നും അത് രജപുത്ര സമൂഹത്തിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തലാണെന്നും ആരോപിച്ചുകൊണ്ടാണ് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നത്.

പത്മാവതിയെ കേന്ദ്രകഥാപാത്രമാക്കിയ സിനിമയില്‍ റാണിയെ വ്യക്തിഹത്യചെയ്യുന്ന ദൃശ്യങ്ങളുണ്ടെന്നും സിനിമയുടെ റിലീസിംഗ് സ്റ്റേചെയ്യണമെന്നുമാവശ്യപ്പെട്ട് എം എല്‍ ശര്‍മ്മയെന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ആ ഹര്‍ജി തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീം കോടതി പറഞ്ഞത് കോടതി സെന്‍സര്‍ബോര്‍ഡിന്റെ റോള്‍ ഏറ്റെടുക്കുന്നില്ല എന്നാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് സര്‍ക്കാറുകള്‍ സെന്‍സര്‍ബോര്‍ഡ് അനുമതി കൊടുത്താലും സിനിമ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെ ശിരഛേദം നടത്തുമെന്നും സിനിമയില്‍ പത്മാവതിയുടെ വേഷമിട്ട ദീപികപദുക്കോണിന്റെ മൂക്ക് ചെത്തുമെന്നും രജപുത്ര ഹിന്ദുത്വവാദികള്‍ ആക്രോശങ്ങള്‍ മുഴക്കുകയാണ്.

ക്ഷത്രിയ മഹാസഭ ഒരു പടികൂടി മുന്നോട്ടുപോയി ഇവരെ ജീവനോടെ കത്തിക്കുന്നവര്‍ക്ക് ഒരുകോടി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. ബാലിശവും ആധുനികലോകബോധത്തെ പരിഹസിക്കുന്നതുമായ അപവാദങ്ങളാണ് സിനിമക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ ഗുമര്‍ എന്ന പാട്ട് രംഗത്ത് റാണി പത്മാവതി നൃത്തം ചെയ്യുന്ന ദൃശ്യമുണ്ടെന്നും രജപുത്ര റാണിമാര്‍ ആരുടെ മുമ്പിലും നൃത്തം ചെയ്യാറില്ലെന്നും ഇത് റാണിയെയും രജപുത്രാഭിമാനത്തെയും അപമാനിക്കലാണെന്നുമൊക്കെയാണ് ആരോപണങ്ങള്‍.
ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലില്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത മലയാളത്തിലെ എസ് ദുര്‍ഗയെന്ന സിനിമക്ക് അനുമതി നിഷേധിക്കുകയുണ്ടായി. ദിവ്യാഭാരതി സംവിധാനം ചെയ്ത കക്കൂസ് എന്ന ഡോക്യുമെന്ററിക്കെതിരെ ജാതിബ്രാഹ്മണ സവര്‍ണ ശക്തികള്‍ രംഗത്തുവരികയുണ്ടായി. ആ ഡോക്യുമെന്ററി മോദിയുടെ സ്വഛ്ഭാരത്പദ്ധതിക്ക് എതിരാണെന്ന് പറഞ്ഞുകൊണ്ടാണ് ബി ജെ പി സംവിധായകക്കുനേരെ ഭീഷണി ഉയര്‍ത്തിയത്. ദിവ്യാഭാരതിയെ ആസിഡ് ഒഴിച്ച് വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നുമാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയത്.

സിനിമകള്‍ക്കും കലാസൃഷ്ടികള്‍ക്കും നേരെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട സെന്‍സര്‍ഷിപ്പ് അഴിച്ചുവിടുകയാണ്. മാസങ്ങള്‍ക്കു മുമ്പ് പെഹ്‌ലജ്‌നിഹ്‌ലാനി അധ്യക്ഷനായ ഫിലിം സെന്‍സര്‍ബോര്‍ഡ് ബുര്‍ഖക്കടിയിലെ ലിപ്സ്റ്റിക് (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ) എന്ന സിനിമയുടെ പ്രദര്‍ശനം തടയുകയുണ്ടായി. സ്ത്രീകളുടെ ലൈംഗികത സംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത് സദാചാരവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ സിനിമയുടെ സംവിധായക അലംകൃത വിവാഹബന്ധങ്ങള്‍ക്കകത്തെ ബലാത്സംഗവും വൈധവ്യത്തെ തുടര്‍ന്ന് ലൈംഗികത നിഷേധിക്കപ്പെടുന്ന പ്രശ്‌നങ്ങളുമാണ് ധീരതയോടെ ചിത്രീകരിച്ചിരിക്കുന്നത്.

ഇതെല്ലാം മോദി ഭരണത്തിനുകീഴില്‍ രാജ്യത്ത് പടരുന്ന അസഹിഷ്ണുതയാണ് കാണിക്കുന്നത്. അക്രമോത്സുകതയാണ് രേഖപ്പെടുത്തുന്നത്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും ഭാഷയുടെയും ലിംഗത്തിന്റെയും പേരില്‍ വിവേചനങ്ങളൊന്നും പാടില്ലെന്നതാണ് ആധുനിക ജനാധിപത്യം മുന്നോട്ടുവെക്കുന്നത്. പൗരന്മാരെന്ന നിലക്ക് സ്ത്രീപുരുഷന്മാരെ സമന്മാരായി ഉദ്ഗ്രഥിക്കുകയാണ് ജനാധിപത്യ മതനിരപേക്ഷത ചെയ്യുന്നത്. മതനിരപേക്ഷ സംസ്‌കാരം മതത്തെ പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അംഗീകരിക്കുകയും മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്ര സങ്കല്‍പത്തെ തിരസ്‌കരിക്കുകയുമാണ് ചെയ്യുന്നത്.

ആധുനിക മനുഷ്യന്റെ മതനിരപേക്ഷവും ജനാധിപത്യപരവുമായ സാമൂഹിക വ്യവഹാരത്തെയും അസ്തിത്വത്തെയുമാണ് സഹിഷ്ണുത അടയാളപ്പെടുത്തുന്നത്. അത് കേവലമായ അനുതാപമല്ല തന്നെപ്പോലെതന്നെ ജീവിക്കാനും ജീവിതം അവകാശപ്പെടാനുമുള്ള അപരന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലാണ്. വിശ്വാസപരവും സാംസ്‌കാരികവുമായ ഭിന്നതകളെയും വ്യത്യാസങ്ങളെയും മാത്രമല്ല വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉള്‍ക്കൊള്ളുന്നതാവണം ആധുനിക രാഷ്ട്രവ്യവസ്ഥയെന്നാണ് ജനാധിപത്യ മതനിരപേക്ഷ വീക്ഷണം വിഭാവനം ചെയ്യുന്നത്. ഇതിന് എതിര്‍ദിശയിലാണ് എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളും സഞ്ചരിക്കുന്നത്. വരേണ്യ മതവംശപ്രത്യയശാസ്ത്രമാണ് മുസ്സോളിനിയും ഹിറ്റ്‌ലറും ഫ്രാങ്കോയുമെല്ലാം അടിച്ചേല്‍പ്പിച്ചത്. ഇവിടെ സംഘ്പരിവാറും ആ വഴിയാണ് നീങ്ങുന്നത്. മാനവികതക്കു നേരെ നാശത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കുന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും, സാംസ്‌കാരിക പ്രത്യയശാസ്ത്ര മണ്ഡലങ്ങളിലും അവിരാമമായ സമരം നടത്തിക്കൊണ്ട് ജനാധിപത്യവും മതനിരപേക്ഷതയും ഇന്ന് സംരക്ഷിക്കാന്‍ കഴിയും. (അവസാനിച്ചു)