ഷോപിയാനില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പ്; സൈന്യത്തിനെതിരെ പോലീസ് കേസെടുത്തു

Posted on: January 29, 2018 9:22 pm | Last updated: January 29, 2018 at 9:22 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കി സൈന്യം നടത്തിയ വെടിവെപ്പില്‍ പൊലീസ് കേസെടുത്തു.
സെന്യത്തിലെ ‘പത്ത് ഗര്‍വാള്‍’ യൂനിറ്റിലെ മേജര്‍ ആദിത്യക്കെതിരെയാണ് കൊലപാതകം, കൊലപാതക ശ്രമം, ജീവന്‍ അപകടത്തിലാക്കല്‍(302,307,336) വകുപ്പുകള്‍ ചേര്‍ത്ത് കേസെുത്തത്.

ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് ഗനോപൊര ഗ്രാമത്തില്‍ ആള്‍ക്കൂട്ടത്തിനുനേരെ സൈന്യം വെടിയുതിര്‍ത്തത്. ജാവിദ് ഭട്ട്, സുഹൈല്‍ ലോണ്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. വെടിയേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പ്രതിഷേധക്കാര്‍ കല്ല് എറിഞ്ഞതിനെ തുടര്‍ന്ന് സ്വയം പ്രതിരോധമെന്ന നിലയില്‍ ആണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വാദം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് മേധാവി എസ്.പി. വെയ്ദ് പറഞ്ഞു.