Connect with us

Kannur

കുഷ്ഠരോഗികളുടെ എണ്ണം കൂടുന്നു

Published

|

Last Updated

കണ്ണൂര്‍: നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി പൊതുവെ കരുതപ്പെടുന്ന കുഷ്ഠരോഗം വീണ്ടും വലിയതോതില്‍ കണ്ടുവരുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഒരു വര്‍ഷം പുതുതായി അഞ്ഞൂറ് പേര്‍ക്കെങ്കിലും കുഷ്ഠരോഗം പിടിപെടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഇത്തവണയും 500 പേര്‍ക്ക് കുഷ്ഠരോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം ഏറെയുള്ളതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാലക്കാട് കഴിഞ്ഞ ഡിസംബര്‍ വരെ 64 പുതിയ രോഗ ബാധിതരെയും തിരുവനന്തപുരത്ത് 55 പേരെയും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ച ശരാശരി 50 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍, ആദിവാസി വിഭാഗങ്ങള്‍ തുടങ്ങിയവരിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും സമൂഹത്തിന്റെ എല്ലാ ശ്രേണിയിലും പെട്ട ആളുകള്‍ക്കിടയില്‍ രോഗത്തിന്റെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. അടുത്തകാലത്തായി രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സംസ്ഥാനത്ത് പൊതുവെ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുറഞ്ഞുവരികയായിരുന്നു.

എന്നാല്‍ അടുത്തകാലത്തായി ഇതര സംസ്ഥാന തൊഴിലാളികളുടെ വരവിലുണ്ടായ വര്‍ധന ഇക്കാര്യത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇതര സംസ്ഥാന തൊഴിലാളികളില്‍ അഞ്ച് പേര്‍ക്ക് രോഗം കണ്ടെത്തി. അതേസമയം സംസ്ഥാനത്ത് കുഷ്ഠരോഗ നിവാരണപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും 2020ഓടെ രോഗബാധ ഗണ്യമായി കുറക്കുകയാണ് ലക്ഷ്യമെന്നും സംസ്ഥാന ലെപ്രസി ഓഫീസര്‍ ഡോ. ജെ പത്മലത “സിറാജി “നോട് പറഞ്ഞു.
അതിനിടെ രോഗത്തെ കുറിച്ചുള്ള ബോധവത്കരണത്തിനും പരിശോധനകള്‍ക്കുമായി ഈ മാസം 30 മുതല്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സ്പര്‍ശം ക്യാമ്പയിന് ആരോഗ്യവകുപ്പ് പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകള്‍, അങ്കണ്‍വാടികള്‍, ജയിലുകള്‍, അഗതി-അനാഥ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പരിശോധനാ ക്യാമ്പുകള്‍, ആദിവാസി കോളനികള്‍, ചേരി പ്രദേശങ്ങള്‍, തീരമേഖലകള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടക്കും.

Latest