ഇന്ന് കര്‍ണാടക ബന്ദ്; കനത്ത പോലീസ് സുരക്ഷ

Posted on: January 25, 2018 9:03 am | Last updated: January 25, 2018 at 2:46 pm

ബെംഗളൂരു: മെഹദായി നദീജല തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നും കലസ- ബന്ദൂരി ജലവിതരണ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകള്‍ ഇന്ന് കര്‍ണാടക ബന്ദ് നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കില്ല. ബസുകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കണമെന്നും കര്‍ണാടക ഒക്കൂട്ട നേതാവ് വട്ടാള്‍ നാഗരാജ് അഭ്യര്‍ഥിച്ചു.

ബന്ദിന്റെ മറവില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ സംസ്ഥാനത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തുന്ന അടുത്ത മാസം നാലിനും കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദിയൂരപ്പ നയിക്കുന്ന കര്‍ണാടക പരിവര്‍ത്തന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ബെംഗളരൂരുവില്‍ എത്തുന്നത്. പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ പത്ത് ദിവസത്തിനുള്ളില്‍ രണ്ട് ബന്ദാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട് കന്നഡ സംഘടനകളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായിട്ടുണ്ട്.

ഇന്നത്തെ കര്‍ണാടക ബന്ദിനെ പിന്തുണക്കില്ലെന്ന് എഴുപതോളം കന്നഡ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പരിവര്‍ത്തന യാത്രയുടെ മൈസൂരുവിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് മൈസൂരുവിലെത്തുന്നുണ്ട്.

മെഹദായി നദീജല തര്‍ക്കം പരിഹരിക്കുന്നതിനുള്ള സമരത്തിന് പിന്തുണ നല്‍കുമെന്നും എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബന്ദ് ഒഴിവാക്കണമെന്നും സംഘം രാജ്യ റെയ്ത്ത സംഘം പ്രസിഡന്റ് കുറുമ്പറ ശാന്തകുമാര്‍ ആവശ്യപ്പെട്ടു. കര്‍ഷക, കന്നഡ സംഘടനകളുമായി ആലോചിക്കാതെ വട്ടാള്‍ നാഗരാജ് ഏകപക്ഷീയമായി ബന്ദിന് ആഹ്വാനം ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മെഹദായി നദീജല തര്‍ക്കത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. കലസ- ബന്ദൂരി ജലവിതരണ പദ്ധതി യാഥാര്‍ഥ്യമായാല്‍ നോര്‍ത്ത് കര്‍ണാടകയിലെ ഹാവേരി, ബെലഗാവി, ധാര്‍വാര്‍ഡ്, ഗദക്, ബെഗല്‍ക്കോട്ടെ എന്നീ അഞ്ച് ജില്ലകളിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. മെഹദായി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. ഈ നദിയില്‍ നിന്നുള്ള വെള്ളം കലസ- ബന്ദൂരി കനാല്‍ വഴി നോര്‍ത്ത് കര്‍ണാടകയിലെ അഞ്ച് ജില്ലകളിലുള്ള കര്‍ഷകര്‍ക്ക് എത്തിക്കണമെന്നതാണ് ആവശ്യം.