റോഹിംഗ്യന്‍ പുനരധിവാസം നാളെ മുതല്‍; പേടിയോടെ അഭയാര്‍ഥികള്‍

Posted on: January 22, 2018 9:11 am | Last updated: January 22, 2018 at 9:38 am

ധാക്ക: ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ നാളെ മുതല്‍ മ്യാന്മറിലേക്ക് തിരിച്ചയക്കും. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കഴിയുന്ന ആറര ലക്ഷം വരുന്ന അഭയാര്‍ഥികളെ ഘട്ടംഘട്ടമായി തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മ്യാന്മര്‍ സര്‍ക്കാറുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതലുള്ള പുനരധിവാസം നടത്തുന്നത്. എന്നാല്‍, സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനാകില്ലെന്നും ക്യാമ്പിലെ ദുരിതജീവിതം സഹിക്കാന്‍ സന്നദ്ധമാണെന്നും അഭയാര്‍ഥികള്‍ വ്യക്തമാക്കുന്നു. അതേസമയം, പുനരധിവാസവുമായി സഹകരിക്കാന്‍ തയ്യാറാകാത്ത അഭയാര്‍ഥികളെ ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മ്യാന്മറിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ് സര്‍ക്കാറും സൈന്യവും.

തങ്ങളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത രാജ്യത്തേക്കുള്ള തിരിച്ചുപോക്ക് റോഹിംഗ്യകള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കുന്നില്ല. സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും നേതൃത്വത്തില്‍ നടക്കുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ തുടര്‍ന്നാണ് മ്യാന്മറില്‍ നിന്ന് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ റോഹിംഗ്യന്‍ സമൂഹം പലായനം ചെയ്തത്. തങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെയും പൗരത്വം ലഭിക്കാതെയും മ്യാന്മറിലേക്ക് തിരിച്ചുപോകില്ലെന്ന ഉറച്ച നിലപാടിലാണ് റോഹിംഗ്യന്‍ സമൂഹം. ഭാവിയില്‍ ഇനിയും സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും വംശീയ അതിക്രമത്തിന് വിധേയരാകുമെന്ന ഭീതിയിലാണ് റോഹിംഗ്യകളുള്ളത്.

റോഹിംഗ്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മ്യാന്മറിലേക്ക് തിരിച്ചുപോകില്ലെന്ന് റോഹിംഗ്യന്‍ നേതാക്കള്‍ നേരത്തെ സൈനിക വക്താക്കളെ അറിയിച്ചിരുന്നു. സൈന്യം കത്തിനശിപ്പിച്ച വീടുകളും ഗ്രാമങ്ങളും തിരിച്ചുനല്‍കണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അഭയാര്‍ഥികള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, പുനരധിവാസ നടപടിയുമായി സഹകരിക്കാത്തവരുടെ ഭക്ഷണ കാര്‍ഡ് പിടിച്ചുവെക്കുമെന്നതടക്കമുള്ള ഭീഷണി ഇതിനകം ബംഗ്ലാദേശ് സൈന്യം ഉയര്‍ത്തിക്കഴിഞ്ഞു. പുനരധിവാസ നടപടിയുമായി അഭയാര്‍ഥികള്‍ സഹകരിക്കില്ലെന്നറിയിച്ച റോഹിംഗ്യന്‍ പ്രതിനിധികളോടാണ് സൈന്യം ഈ ഭീഷണി നല്‍കിയത്. എന്നാല്‍, ഇതേക്കുറിച്ച് അറിയില്ലെന്നാണ് സൈനിക വക്താവിന്റെ പ്രതികരണം.

അതിനിടെ, സുരക്ഷ സംബന്ധിച്ച് ഉറപ്പ് ലഭിക്കാത്തിടത്തോളം കാലം പുനരധിവാസം നടക്കില്ലെന്ന് യു എന്‍ അഭയാര്‍ഥി സമിതി വ്യക്തമാക്കി. പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ യു എന്നിന്റെ അഭയാര്‍ഥി വിഭാഗം (യു എന്‍ എച്ച് സി ആര്‍) പങ്കെടുത്തിട്ടില്ലെന്നും എവിടേക്കാണ് അഭയാര്‍ഥികളെ കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കണമെന്നും സമിതി വക്താവ് കാരോലിന്‍ ഗ്ലക് പറഞ്ഞു.