നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമില്ല

Posted on: January 19, 2018 10:48 am | Last updated: January 19, 2018 at 1:29 pm
SHARE

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമില്ല. കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ താക്കീത് ചെയ്തു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. കുറ്റപത്രം ചോര്‍ന്നതില്‍ ദിലീപിന്റെ ആശങ്ക ന്യായമാണ്. ഇനി മുതല്‍ കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ അതീവ ജാഗ്രത വേണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു.

കേസില്‍ നവംബര്‍ 21നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോര്‍ത്തി നല്‍കിയതാണെന്നാണ് ദിലീപിന്റെ പരാതി. പോലീസ് നല്‍കിയ കുറ്റപത്രം കോടതി സൂക്ഷ്മ പരിശോധന നടത്തി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും ഇത്തരമൊരു കുറ്റപത്രത്തിന് സാധുതയില്ലെന്നും ദിലീപ് വാദിച്ചു. അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

എന്നാല്‍, കുറ്റപത്രം സ്വീകരിച്ചു കഴിഞ്ഞതിനാല്‍ ഇനി റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ ദിലീപ് തന്നെയാണെന്നാണ് പോലീസിന്റെ വാദം. ഫോണ്‍ വിവരങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്കു നല്‍കിയതു ദിലീപാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here