Connect with us

National

സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരമുണ്ടാക്കാന്‍ ഇന്നും ചര്‍ച്ച

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധിക്കു പൂര്‍ണമായും പരിഹാരമുണ്ടാക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്നും കൂടിക്കാഴ്ച നടത്തും. ഇനിയും പ്രശ്‌നം നീണ്ടുപോകാത്തരൂപത്തില്‍ ഇന്നുതന്നെ പരിഹരിക്കാനാണ് ശ്രമം. ലോയ കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര, പിന്‍മാറിയതുതന്നെ പ്രതിസന്ധികളില്‍ അയവ് വരുന്നതിന്റെ സൂചനയാണെന്നാണറിയുന്നത്. എന്നാല്‍, ആധാര്‍ കേസില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇന്നു വാദം കേള്‍ക്കല്‍ തുടങ്ങും.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന സമവായചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉയര്‍ത്തിയ തര്‍ക്കവിഷയങ്ങളിലും ചര്‍ച്ച തുടരും. തുറന്നമനസോടെയാണു ചീഫ് ജസ്റ്റിസും നാല് ജഡ്ജിമാരും ഇന്നലത്തെ ചര്‍ച്ചയില്‍ സംസാരിച്ചത്. ഇന്നത്തെ ചര്‍ച്ചയോടെ ശാശ്വതപരിഹാരമുണ്ടാക്കാനാണു ശ്രമം.

 

അതേസമയം, മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാബെഞ്ചില്‍ ഉള്‍പ്പെടുത്താതെ ആധാര്‍ കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഇന്നു മുതല്‍ വാദം കേള്‍ക്കും.