Connect with us

Kannur

കെ എസ് ആര്‍ ടി സിക്ക് പ്രതിദിന അധിക ബാധ്യത 19 ലക്ഷം രൂപ

Published

|

Last Updated

കണ്ണൂര്‍: കടത്തില്‍ മുങ്ങിത്താഴുന്ന കെ എസ് ആര്‍ ടി സി ക്ക് ഡീസല്‍ വില വര്‍ധന കാരണം പ്രതിദിനം 19 ലക്ഷം രൂപ അധിക ബാധ്യത. ദിനേന 4,60,000 ലിറ്റര്‍ ഡീസലാണ് സംസ്ഥാന-അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സി ഒരു ദിവസം ഉപയോഗിക്കുന്നത്. എന്നാല്‍, കഴിഞ്ഞ 20 ദിവസത്തിനിടക്ക് ഡീസല്‍ വിലയില്‍ പ്രതിദിനം 20 പൈസ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇതുവരെയുള്ള കണക്കനുസരിച്ച് 19 ലക്ഷം രൂപ കൂടി പ്രതിദിനം കെ എസ് ആര്‍ ടി സി അധികം കണ്ടെത്തേണ്ടിയിരിക്കുന്നത്.

എന്നാല്‍, ശമ്പളം, ഡീസല്‍ എന്നീ ഇനങ്ങളിലെ ചെലവ് വര്‍ധിച്ചത് കാരണം കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കെ ഡീസലിന് പ്രതിദിനം നിരക്ക് വര്‍ധിക്കുന്നത് ഈ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ച 60 കോടി രൂപ കെ എസ് ആര്‍ ടി സിയെ സംബന്ധിച്ചിടത്തോളം ചെറിയൊരു ആശ്വാസം മാത്രമാണ്. മൊത്തം 220 കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ കെ എസ് ആര്‍ ടി സിക്ക് കുടിശ്ശികയായുള്ളത്. ഈ തുക കണ്ടെത്തുന്നതിനായി കേരളാ ഗതാഗത വികസന കോര്‍പറേഷനോട് (കെ ടി ഡി എഫ് സി) വായ്പാതുക ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. കോര്‍പറേഷനില്‍ വേണ്ടത്ര ഫണ്ടില്ലെന്നാണ് ലഭിച്ച മറുപടി.
പെന്‍ഷന്‍ തുക ലഭിക്കാത്ത സാഹചര്യത്തില്‍ റിട്ട. ജീവനക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലും സമരം നടത്തിവരുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിലവിലുള്ള ജീവനക്കാരുടെ കൂടി സഹകരണത്തോടെ സര്‍വീസ് നിര്‍ത്തിവെക്കുന്നതടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങും. ഇതിനിടക്കാണ് സര്‍ക്കാര്‍ ആശ്വാസ ധനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ സമര രംഗത്തേക്ക് നീങ്ങുന്നതിനിടെ കെ എസ് ആര്‍ ടി സി കൂടി സമരം തുടങ്ങിയാലുണ്ടാകുന്ന പ്രയാസവും സര്‍ക്കാറിന്റെ അടിയന്തര ഇടപെടലിന് കാരണമായിട്ടുണ്ട്.