സുന്നി ഐക്യത്തിന് തയ്യാറാണെന്ന് സമസ്ത മുശാവറ

Posted on: January 13, 2018 8:38 pm | Last updated: January 14, 2018 at 11:32 am
SHARE

കോഴിക്കോട്: സുന്നികള്‍ തമ്മിലുള്ള ഐക്യത്തിന് തയ്യാറാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. വിശ്വാസപരമായി യോജിപ്പുള്ള മുഴുവന്‍ വിശ്വാസികളും യോജിച്ചുപ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുശാവറ വിലയിരുത്തി. മത നവീകരണ ചിന്താധാരകള്‍ യുവാക്കളെ തീവ്രവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന സ്ഥിതി വേദനാജനകമാണ്. മതപരമായ കാര്യങ്ങളില്‍ മതത്തെ കുറിച്ച് വിവരമില്ലാത്തവരും രാഷ്ട്രീയക്കാരും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത് ആശാസ്യമല്ല.

ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസി സമൂഹം ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതിനാല്‍ സുന്നികള്‍ തമ്മിലുള്ള ഐക്യം സംബന്ധിച്ച കാര്യങ്ങള്‍ക്ക് നാലംഗ സമിതിയെ മുശാവറ തിരഞ്ഞെടുത്തു.

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരെയുള്ള ഈ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. അല്ലാത്തപക്ഷം നിയമപരമായ മാര്‍ഗം സ്വീകരിക്കുമെന്നും മുശാവറ വ്യക്തമാക്കി.

പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം പങ്കെടുത്തു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം സ്വാഗതവും പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here