
ദോഹ: എ കെ ജി ഉള്‍പ്പെടെയുള്ള മുന്‍കാല കമ്യൂണിസ്റ്റ് നേതാക്കള്‍ വ്യക്തിജീവിതത്തില്‍ പുണ്യാളന്‍മാരായിരുന്നില്ലെന്ന് യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു ആരോപിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ എ കെ ജിയുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണുന്നില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ അവരെ അങ്ങനെ കാണാന്‍ സാധിക്കില്ല. എ കെ ജിയുടെ വിവാഹം ഒരു ക്ലൈമാക്‌സ് മാത്രമായിരുന്നു. വിവാഹത്തിനു മുമ്പും പലതും നടന്നിട്ടുണ്ട്. ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ടി ബല്‍റാം ഉയര്‍ത്തിയ വിമര്‍ശനം ഇതാണ്. വിവാഹം കഴിച്ച പ്രായമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. നമ്പൂതിരിപ്പാട് എന്ന ജാതിവാല്‍ ജീവിതാന്ത്യം വരെ കൊണ്ടുനടന്ന നേതാവാണ് ഇ എം എസ്. അദ്ദേഹത്തിന്റെ കുടുംബത്തില്‍ എത്ര മിശ്രവിവാഹം നടന്നിട്ടുണ്ട്. പി കെ ശ്രീമതിയുടെ മകന്‍ നമ്പ്യാര്‍ എന്ന വിശേഷണം സ്വീകരിക്കുന്നു. സ്വരാജ് എം നായര്‍ ചര്‍ച്ചയുണ്ടായപ്പോഴാണ് എം സ്വരാജായി മാറിയത്. ബന്ധത്തിന് വെളുത്തേടത്തു നായര്‍ തന്നെ വേണം എന്ന നിലയില്‍ ജാതി രാഷ്ട്രീയത്തില്‍ നിന്നു മുക്തി നേടാന്‍ സാധിക്കാത്ത പാര്‍ട്ടിയാണ് സി പി എം.
എന്നാല്‍ വിഷയങ്ങല്‍ അതിന്റെ മെറിറ്റില്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം ബല്‍റാമിനെ അസഹിഷ്ണുതാപരമായി ആക്രമിക്കാനാണ് സി പി എം ശ്രമിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ ക്രൂരമായ അക്രമം നടത്തുന്ന സി പി എം ഫാസിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കാനുള്ള ഗ്രൗണ്ടാണ് നഷ്ടപ്പെടുത്തുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ അക്രമിക്കപ്പെടുന്നതിനെ എതിര്‍ക്കാന്‍ ഇനി സി പി എമ്മിന് എന്ത് അവകാശമാണുള്ളത്. സി പി എമ്മിന്റെ അപചയം ആഗ്രഹിക്കുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ് എന്നാല്‍ ഫാസിസ്റ്റ് സമീപനം പുലര്‍ത്തുമ്പോള്‍ വിമര്‍ശിക്കേണ്ടി വരുന്നു.
ബല്‍റാമിനെതിരെ നടന്നത് പ്രതീകാത്മക പ്രതിഷേധമല്ല. ഗൗരി ലങ്കേഷിനെ ഫാസിസ്റ്റുകള്‍ യഥാര്‍ഥത്തില്‍ കൊല ചെയ്തുവെങ്കില്‍ സിവിക് ചന്ദ്രനെ സാമൂഹികമായി കൊലപ്പെടുത്തി. തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകനോട് ചെയ്ത രീതിയാണിത്. അതുകൊണ്ടു തന്നെ ഈ വിവാദത്തില്‍ യൂത്ത്‌ലീഗ് വി ടി ബല്‍റാമിനൊപ്പമാണ്. ഫാസിസ്റ്റ് കാലത്ത് ഉത്തരവാദിത്ത രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് മുന്നോട്ടു വെക്കുന്നത്. വര്‍ഗീയതയെ നേരിടേണ്ടി വരുമ്പോഴും സമുദായത്തെ അതിവൈകാരികതയിലേക്കും സായുധ പോരാട്ടങ്ങളിലേക്കും നയിക്കാതെ സംരക്ഷിക്കേണ്ടതുണ്ട്. മുസ്‌ലിം സമൂഹം എന്ന അടഞ്ഞ മുറിയില്‍ നിന്നും ഇന്ത്യ എന്ന സാമൂഹികഘടനയെ അപകടത്തിലാക്കുന്ന സാഹചര്യത്തെയാണ് നേരിടാനുള്ളത്. ഫാസിസ്റ്റ് പ്രതിരോധത്തില്‍ സി പി എം ദുര്‍ബലമാവുകയാണ്. വര്‍ഗീയ രാഷ്ട്രീയവും വര്‍ഗരാഷ്ട്രീയവും വേര്‍തിരിച്ചെടുക്കാന്‍ അവര്‍ക്കു ഇതുവരെയും സാധിച്ചിട്ടില്ല. ഇരു വിഭാഗവും തമ്മിലുള്ള അന്തരം നേര്‍ത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.