Connect with us

Kasargod

റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാറില്‍നിന്നും സഹായം ലഭിക്കാന്‍ ഇടപെടും: ന്യൂനപക്ഷ കമ്മീഷന്‍

Published

|

Last Updated

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിംഗ്

കാസര്‍കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസല്‍ നടത്തിയ സിറ്റിംഗില്‍ നാലു പരാതികള്‍ തീര്‍പ്പാക്കി. പുതിയതായി ഒരു പരാതി ലഭിച്ചു. അടുത്ത സിറ്റിംഗ് ഫെബ്രുവരി 26ന് കണ്ണൂരില്‍ നടക്കും.

കൊല്ലപ്പെട്ട മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് സാമ്പത്തികസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന സി മുഹമ്മദ്കുഞ്ഞി നല്‍കിയ പരാതിയില്‍ മൗലവിയുടെ കുടുംബാംഗങ്ങള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയാല്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കമ്മീഷന്‍ വ്യക്തമാക്കി.

തളങ്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥിയെ പുറത്താക്കിയതിന് പ്രിന്‍സിപ്പാളിനെതിരെ അമ്മ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കി. അധ്യാപകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാനും സമ്മതിച്ചിരുന്നില്ല. ഇതിനെതിരെയാണ് കമ്മീഷന് പരാതി നല്‍കിയത്. കുട്ടിയെ പരീക്ഷ എഴുതുവാനും ടിസിയും അനുവദിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായതോടെ അമ്മ പരാതി പിന്‍വലിച്ചു. കുട്ടി മറ്റൊരു സ്‌കൂളില്‍ ചേര്‍ന്നുപഠിക്കും.

പുതിയ വാഹനത്തിന് ബുക്ക് ചെയ്തിട്ടു തകരാറുള്ള വാഹനം വ്യാജഒപ്പിട്ട് താല്‍ക്കാലിക പെര്‍മിറ്റ് എടുത്തുനല്‍കിയെന്ന പരാതിയില്‍ കോഴിക്കോട് ആര്‍ടിഒയോട്‌വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു സിറ്റിംഗില്‍ പങ്കെടുത്തു.

 

Latest