Connect with us

International

മഞ്ഞുരുകുന്നു;കൊറിയന്‍ രാജ്യങ്ങളില്‍ സമാധാന ചര്‍ച്ച

Published

|

Last Updated

സോള്‍:ഉത്തര-ദക്ഷിണ കൊറിയന്‍ രാജ്യങ്ങളുടെ പരസ്പരം കൊമ്പ്‌കോര്‍ത്തുകൊണ്ടുള്ള പോര്‍വിളികള്‍ക്ക് വിരാമം കുറിക്കുന്നു.തര്‍ക്കങ്ങള്‍ക്കിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചന നല്‍കി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചു.അതോടൊപ്പം, അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന് സംഘത്തെ അയയ്ക്കാനും ഉത്തരകൊറിയ തയ്യാറായി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ മുഖാമുഖമിരുന്ന് നടത്തിയ ചര്‍ച്ചയിലാണ് ലോകസമാധാനത്തിന് ഏറെ നിര്‍ണായകമായ തീരുമാനമുണ്ടായത്.

ഇരു രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള പന്‍മുഞ്‌ജോം ഗ്രാമത്തിലാണ് ദക്ഷിണ, ഉത്തര കൊറിയകളുടെ പ്രതിനിധികള്‍ ചര്‍ച്ചക്കിരുന്നത്. ചര്‍ച്ചയ്ക്കുശേഷം ഇരു രാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പത്രസമ്മേളനത്തിലാണ് ശീതകാല ഒളിംപിക്‌സിന് സംഘത്തെ അയയ്ക്കാന്‍ ഉത്തരകൊറിയ സമ്മതിച്ചതായി അറിയിച്ചത്.

രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സൈനിക സംഘര്‍ഷം ലഘൂകരിക്കുന്നതിന് ചര്‍ച്ച സംഘടിപ്പിക്കാനും തീരുമാനിച്ചതായി സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.