Connect with us

National

റയാന്‍ സ്‌കൂള്‍ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: റയാന്‍ സ്‌കൂളിലെ ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി സമര്‍പ്പിച്ച ജാമ്യഹരജി ഗുരുഗ്രാം കോടതി തള്ളി. കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്ന കഴമ്പില്ലാത്ത ഹരജിയുമായി വന്നതിന് പ്രതിക്ക് മേല്‍ 21,000 രൂപയുടെ പിഴ ചുമത്തുകയും ചെയ്തു. സെപ്തംബര്‍ എട്ടിനാണ് ഏഴ് വയസ്സുകാരനെ സ്‌കൂളിലെ ശുചി മുറിയില്‍ വെച്ച് കഴുത്തറുത്ത് കൊന്നത്.
പ്രതിയുടെ ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഉപയോഗിച്ച സാങ്കല്‍പ്പിക പേര് മാത്രമേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാവൂ എന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ജസ്ബീര്‍ സിംഗ് കുണ്ടു മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഭോലു എന്നാണ് പ്രതിയുടെ പേരായി ഉത്തരവില്‍ പറയുന്നത്. മരിച്ച കുട്ടിയുടെ പേരും സാങ്കല്‍പ്പികമാണ്- പ്രിന്‍സ്. ഭോലുവിനായി സമര്‍പ്പിക്കപ്പെട്ട ഹരജി ഈ ഘട്ടത്തില്‍ അനാവശ്യവും ചെലവ് സഹിതം തള്ളേണ്ടതുമാണെന്ന് കോടതി വ്യക്തമാക്കി.

ജാമ്യ ഹരജി നിലനില്‍ക്കില്ലെന്ന് പ്രതിയുടെ അഭിഭാഷകന് തന്നെ ബോധ്യമുള്ളതാണ്. എന്നിട്ടും കോടതിയുടെ സമയം നഷ്ടപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായത്. ഏഴ് പ്രാവശ്യമാണ് കോടതി ഇതിനായി കൂടിയത്. ഓരോന്നിന്റെയും ചെലവിനത്തിലേക്ക് 3000 രൂപ വീതം മൊത്തം 21,000 രൂപ പ്രതിയുടെ പിതാവ് കോടതിയില്‍ അടക്കണം. ഇതിന് മൂന്ന് മാസത്തെ സമയം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡില്‍ പ്രതി സമര്‍പ്പിച്ച ജാമ്യ ഹരജി ഡിസംബര്‍ 15ന് തള്ളിയിരുന്നു.

Latest