Connect with us

National

ലാലുവിന്റെ സഹോദരി മരിച്ചു; ശിക്ഷയറിഞ്ഞതിന്റെ ആഘാതത്തിലെന്ന് ബന്ധുക്കള്‍

Published

|

Last Updated

പട്‌ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ സഹോദരി മരിച്ചു. ലാലുവിന്റെ മൂത്തസഹോദരി ഗംഗോത്രി ദേവി (75)യാണ് മരിച്ചത്. കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് തടവുശിക്ഷ ലഭിച്ചത് അറിഞ്ഞതിന്റെ ആഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

വിധിപ്രഖ്യാപനം നടക്കുന്ന അന്ന് ഗംഗോത്രി ദേവി നിരാഹാരവ്രതത്തിലായിരുന്നു. ലാലുവിന് മൂന്ന് വര്‍ഷത്തെ കഠിന തടവ് വിധിച്ചതറിഞ്ഞ ഇവര്‍ ഏറെ വിഷമത്തിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. കുറച്ചുനാളായി ഇവര്‍ അസുഖബാധിതയായിരുന്നു. ഡിസംബര്‍ 23ന് ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതറിഞ്ഞ് അസുഖം മൂര്‍ച്ഛിച്ചിരുന്നു. മരണവിവരമറിഞ്ഞ് ലാലു പ്രസാദിന്റെ മക്കളും മുന്‍ മന്ത്രിമാരുമായ തേജ്വസിനി പ്രസാദ് യാദവും തേജ് പ്രതാപ് യാദവും വീട്ടിലെത്തി. ഏകസഹോദരിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി ബിര്‍സാ മുണ്ട സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ലാലു അപേക്ഷ നല്‍കിയിട്ടുണ്ട്.

കാലിത്തീറ്റ കുംഭകോണത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ കേസിലാണ് കഴിഞ്ഞ ദിവസം റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. കഠിന തടവിന് പിന്നാലെ പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സി ബി ഐ പ്രത്യേക കോടതി വിധിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. ദിയോഗര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 89.27 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസില്‍ ലാലുപ്രസാദ് ഉള്‍പ്പെടെ പതിനാറ് പേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

Latest