മര്‍കസിന്റെ വഴി

Posted on: January 6, 2018 7:39 am | Last updated: January 6, 2018 at 8:50 am

അബൂ അലി അല്‍ ഹസ്സന്‍ ഇബ്‌നുല്‍ ഹൈസം ആധുനിക ഒപ്ടിക്‌സിന്റെയും ക്യാമറയുടെയും ഉപജ്ഞാതാവാണ്. മുഹമ്മദ് ബിന്‍ മൂസാ അല്‍ ഖവാരിസ്മിയെ കമ്പ്യൂട്ടര്‍ ഭാഷയുടെ പിതാവായിട്ടാണ് ശാസ്ത്രം ഗണിക്കുന്നത്. അബൂ മൂസാ ജാബിര്‍ ബിന്‍ ഹയ്യാന്‍ രസതന്ത്രജ്ഞന്‍, ഗോളശാസ്ത്രജ്ഞന്‍, വാനനിരീക്ഷകന്‍, എന്‍ജിനീയര്‍ ,ഭൂമിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ഭിഷഗ്വരന്‍ എന്നീ നിലകളില്‍ കനപ്പെട്ട സംഭാവനകള്‍ സമര്‍പ്പിച്ച ശാസ്ത്രപടുവാണ്. ശസ്ത്രക്രിയയില്‍ വ്യുല്‍പത്തിയുണ്ടായിരുന്ന ഇബ്‌നു സുഹര്‍, സസ്യശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടര്‍ ഇബ്‌നു അല്‍ ബയ്താര്‍, പണ്ഡിതനും രിഹ്‌ലയുടെ കര്‍ത്താവും ലോക പര്യവേക്ഷകനുമായിരുന്ന ഇബ്‌നു ബത്തൂത്ത, ‘ആമുഖം’ കൊണ്ട് വിശ്വപ്രസിദ്ധനായ ഇബ്‌നു ഖല്‍ദൂന്‍….

റൈറ്റ് സഹോദരന്മാരുടെ പറക്കല്‍ പരീക്ഷണത്തിനും എത്രയോ മുമ്പ് കൃത്യമായി പറഞ്ഞാല്‍ ഒമ്പതാം നൂറ്റാണ്ടില്‍ തന്റെ ‘ഫ്‌ളൈയിംഗ് ഷിപ്പ്’ വിജയകരമായി പരീക്ഷിച്ച മുസ്‌ലിം ശാസ്ത്രജ്ഞനാണ് അബ്ബാസ് ബിന്‍ ഫര്‍നാസ്. പക്ഷികളെപ്പോലെ പറക്കാന്‍ കൊതിച്ച് അതിനുതകുന്ന തരത്തില്‍ തന്റെ ശരീരത്തില്‍ ചിറകുകള്‍ ഘടിപ്പിച്ച് ഉയരത്തില്‍ നിന്നും താഴേക്ക് പറന്ന ഫര്‍നാസിന് ആ പരീക്ഷണം തന്റെ ജീവന്‍ കൊണ്ടുള്ള കളിയായിരുന്നു. ടൂത്ത് ബ്രഷിന്റെ ആദ്യത്തെ മോഡല്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്നും കടം കൊണ്ട അറാക്കായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ യമനീ കണ്ടുപിടുത്തമാണ് ലോകത്തിനിന്നും ഉന്മേഷമായി നിലകൊള്ളുന്ന കോഫി. അല്‍ ഇദ് രീസിയുടെ ലോക ഭൂപടം ഭൂമി ശാസ്ത്ര മേഖലയില്‍ ചെലുത്തിയ സ്വാധീനം എങ്ങനെയാണ് മറക്കാനാവുക? ആ പട്ടിക നീളുകയാണ്.
പിന്നീടെപ്പോഴാണ് ഈ സുവര്‍ണപാരമ്പര്യത്തില്‍ നിന്നു മുസ്‌ലിം ലോകം നിഷ്‌കാസിതരായത്? അക്കാദമിക സാമ്രാജ്യം മുസ്‌ലിംകള്‍ക്ക് കൈമോശം വന്നതോ, അനര്‍ഹരാരെങ്കിലും തട്ടിയെടുത്തതോ? ആഡംബര ഭ്രമവും സുഖലോലുപതയും ഗ്രസിച്ച് ആലസ്യത്തിലകപ്പെട്ട വേളകളില്‍ ഇടക്ക് കയറി വന്നവര്‍ ബൗദ്ധികവും അക്കാദമികമായ നിധിശേഖരങ്ങളുടെ ഉടമസ്ഥാവകാശം സ്വയം എടുത്തണിയുകയാണുണ്ടായത്.

സമഗ്രമായ വിവര്‍ത്തനങ്ങളിലൂടെ, സമ്പൂര്‍ണമായ കോളനിവത്കരണങ്ങളിലൂടെ ഈ ജ്ഞാനസമ്പത്തുകള്‍ അന്യാധീനപ്പെടുകയായിരുന്നു. ഇതെല്ലാം റീബ്രാന്റിംഗ് ചെയ്ത് വില്‍പ്പനയും പേറ്റന്റും കൊണ്ടുപോകാന്‍ ഉണര്‍ന്നിരുന്നവര്‍ക്ക് സാധിച്ചു. ചരിത്രത്തില്‍ അവര്‍ വാഴ്ത്തപ്പെട്ടവരും യഥാര്‍ഥ അവകാശികള്‍ വീഴ്ത്തപ്പെട്ടവരുമായി!

എന്നാല്‍, ഇതിന്നപവാദമായി പാരമ്പര്യവും ജന്മനാടിന്റെ വ്യക്തിത്വവും മുറുകെ പിടിച്ചു ഒരു ന്യൂനപക്ഷം ഇവിടെയുണ്ടായിരുന്നു. പ്രകടന പരതയിലോ പ്രത്യക്ഷപ്പെടലിലോ അവര്‍ തത്പരരായിരുന്നില്ല. തങ്ങളുടെതായ ലോകത്ത് ദൈവഭക്തിയും ആത്മാര്‍ഥതയും കൈമുതലാക്കി ഇസ്‌ലാമിക വിജ്ഞാനങ്ങളോടൊപ്പം തന്നെ, പൂര്‍വകാല പണ്ഡിതരാല്‍ രചിക്കപ്പെട്ട മേല്‍പറഞ്ഞ ആധുനിക വിദ്യാഭ്യാസങ്ങളും അവര്‍ പള്ളികളില്‍തന്നെ പഠിച്ചുപോന്നു. ഈ പൈതൃകത്തിന്റെ സമകാലിക രൂപമാണ് മര്‍കസ് സ്ഥാപനങ്ങളുടെ ശില്‍പ്പികള്‍ സാധ്യമാക്കിയത്. പള്ളി ദര്‍സുകളില്‍ നിന്നുള്ള ഊര്‍ജവും പാരമ്പര്യത്തിന്റെ അന്തസ്സത്തയും ആധുനിക പാഠങ്ങളുമായി വിളക്കിച്ചേര്‍ത്തതിന്റെയും പരീക്ഷണാത്മകമായ പുതുസമൂഹത്തില്‍ അവപുനഃക്രമീകരിച്ചതിന്റെയും വിജയഗാഥകളാണ് മര്‍കസ് മോഡല്‍ പറയുന്നത്. ഇതൊരു ധീര നൂതന പരീക്ഷണമായിരുന്നു.
മാനവിക വിഷയങ്ങളിലൂടെയായിരുന്നു തുടക്കം. അത് പതിയെ കൊമേഴ്‌സ്, ശാസ്ത്രീയ സാങ്കേതിക പഠനങ്ങള്‍ മത പഠനങ്ങളുമായി കൂട്ടിച്ചേര്‍ക്കുന്ന നിലയിലേക്കെത്തി. ക്രമേണ വൈദ്യവും നിയമപഠനങ്ങളും എന്‍ജിനീയറിംഗും പോളിടെക്‌നിക് വിദ്യാഭ്യാസങ്ങളടക്കം ഏത് വിദ്യാഭ്യാസവും ഒരു പള്ളി ദര്‍സ് വിദ്യാര്‍ഥിക്കോ ഇസ്‌ലാമിക ശരീഅ കോളജുകളില്‍ പഠിക്കുന്നവര്‍ക്കോ അപ്രാപ്യമല്ലെന്നും, ഒരുവേള, അത്തരം വിദ്യാര്‍ഥികളാണ് മികച്ച വിജയം വരിക്കുന്നതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തി. പര്യവേക്ഷണങ്ങളുടെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠിതാക്കളും ഹാഫിളുകളുമായി പുറത്തിറങ്ങി. ഇവരൊക്കെയും ശരാശരി ഒരു യൂണിവേഴ്‌സിറ്റി ബിരുദമെങ്കിലും കൈയിലുള്ളവരുമായി.

ഇന്ന്, ‘അറിവിന്റെ നഗരി’യെന്ന പുതിയ പര്യവേക്ഷണത്തില്‍, ചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃകകള്‍ തുന്നിച്ചേര്‍ക്കുകയാണ് ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് എന്ന സംജ്ഞയെ അന്വര്‍ഥമാക്കും വിധം ഒരു കേന്ദ്രം ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തുകയാണ് ഇവിടെ.