എകെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി പരാതിക്കാരി പിന്‍വലിച്ചു

Posted on: January 5, 2018 2:16 pm | Last updated: January 6, 2018 at 9:18 am

കൊച്ചി: ഫോണ്‍കെണി കേസില്‍ മന്ത്രി എകെ ശശീന്ദ്രന് തിരിച്ചടി.കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരാതിക്കാരി പിന്‍വലിച്ചു. ഇതോടെ മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായി.

എല്‍ഡിഎഫ് മന്ത്രിസഭയിലെ എന്‍സിപിയിലെ രണ്ട് മന്ത്രിമാര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു. ഫോണ്‍കെണി ആരോപണത്തെ തുടര്‍ന്ന് ആദ്യം ശശീന്ദ്രനും കായല്‍ കൈയേറ്റ ആരോപണത്തില്‍ കുടുങ്ങി, പകരക്കാരനായെത്തിയ തോമസ് ചാണ്ടിയും രാജിവെക്കുകയായിരുന്നു. ഇതില്‍ ആരാണ് ആദ്യം കുറ്റവിമുക്തരാകുക അവര്‍ക്ക് മന്ത്രി സ്ഥാനം തിരികെ നല്‍കുമെന്ന് എന്‍സിപി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരാതിക്കാരി പിന്‍വലിച്ചതോടെ ശശീന്ദ്രനും എന്‍സിപിക്കും തിരിച്ചടിയായി.

നേരത്തെ, മന്ത്രി തന്നോട് അശ്ലീല സംഭാഷണം നടത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തക കൂടിയായ യുവതി നല്‍കിയ പരാതിയില്‍ ശശീന്ദ്രനെതിരെ കേസെടുത്തിരുന്നു. പിന്നീട് ഇവര്‍ തന്നെ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു.