Connect with us

Ongoing News

രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണം: എം എ യൂസുഫലി

Published

|

Last Updated

മര്‍കസ്‌നഗര്‍: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിച്ച് രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് പത്മശ്രീ എം എ യൂസുഫലി. മര്‍കസ് റൂബി ജൂബിലിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളെയും സ്‌നേഹിക്കുന്നതോടൊപ്പം തന്നെ ഇസ്‌ലാമിക വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കണം. എല്ലാവരെയും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നതാണ് പ്രവാചക മാതൃക .മദീന ഉടമ്പടിയും മറ്റും വിവിധ മതങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രവാചകര്‍ കാണിച്ച മാതൃകയാണ്.

നാം ഇന്ത്യക്കാരാണെന്ന ബോധത്തോടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്ത തലമുറയെ രാജ്യസ്‌നേഹികളാക്കി വളര്‍ത്താനും അവരെ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരാക്കാനും നമുക്ക് ബാധ്യതയുണ്ട്. പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും.

നമ്മുടെയും നാടിന്റെയും പാരമ്പര്യം മറക്കാന്‍ പാടില്ല. രാജ്യം ഉന്നതിയിലെത്തിയാലേ രക്ഷയുള്ളൂ. നാട് വളര്‍ന്ന് വലുതായി സംസ്‌കാര സമ്പന്നമാകേണ്ടത് അത്യാവശ്യമാണ്. കാന്തപുരം ഉസ്താദ് എവിടെ ചെന്നാലും മത സൗഹാര്‍ദത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.
പൂര്‍വീകരുടെ പാത സ്‌നേഹവും സൗഹാര്‍ദവുമാണ്. പണ്ഡിതരെയും വിദ്യാര്‍ഥികളെയും ആ നിലയിലാണ് വളര്‍ത്തേണ്ടത്. മര്‍കസ് അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഭൂമിയിലുള്ള വരോടെല്ലാം കരുണ ചെയ്യണമെന്നാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ആഹ്വാനം. ഇതാണ് കാന്തപുരം എല്ലായ്‌പോഴും പ്രചരിപ്പിക്കുന്നത്. പണ്ഡിതരോടുള്ള സ്‌നേഹവും അടുപ്പവും ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.