Connect with us

National

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; ഓണ്‍ലൈന്‍ വഴി ലഭിക്കാന്‍ അഞ്ഞൂറ് രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ണ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പനക്ക് വെച്ചിട്ടുണ്ടെന്ന് “ദി ട്രിബ്യൂണ്‍” റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറിലാണ് ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും യാതൊരുവിധത്തിലുള്ള ചോര്‍ച്ചകളും സംഭവിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.

എന്നാല്‍, ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാതരായ കച്ചവടക്കാരില്‍ നിന്ന് പണം കൊടുത്ത് ആയിരക്കണക്കിന് ആധാര്‍ വിവരങ്ങളാണ് ട്രിബ്യൂണ്‍ വാങ്ങിയത്. അതും വെറും അഞ്ഞൂറ് രൂപ മാത്രം നല്‍കി.
വാട്‌സ് ആപ്പ് വഴിയാണ് വില്‍പ്പനക്കാര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പേ ടി എം വഴി അഞ്ഞൂറ് രൂപ നല്‍കുക. പത്ത് മിനുട്ട് കാത്തിരിക്കുക. അതിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട “ഏജന്റ്” ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും തരും. ഇത് ഉപയോഗിച്ച് ഏത് ആധാര്‍ നമ്പറിലെയും വിവരങ്ങള്‍ കാണാന്‍ സാധിക്കും. ഉപഭോക്താക്കളുടെ പേര്, വിലാസം, പോസ്റ്റല്‍ കോഡ്, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ലഭിക്കുക. മുന്നൂറ് രൂപ കൂടി കൊടുത്താല്‍ ഈ വിവരങ്ങളെല്ലാം പ്രിന്റ് ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറും ഈ ഏജന്റ് നല്‍കിയതായും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യവ്യാപകമായി ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നതിനായി കേന്ദ്ര ഐ ടി മന്ത്രാലയം തുടങ്ങിയ കോമണ്‍ സര്‍വീസ് സെന്റേഴ്‌സ് സ്‌കീമിന് (സി എസ് സി എസ്) കീഴില്‍ വരുന്ന വില്ലേജ് ലെവല്‍ എന്റര്‍പ്രൈസുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.