Connect with us

Kerala

ശൈഖ് സാഇദിനുള്ള സമര്‍പ്പണമായി മര്‍കസ് ഹൈസ്‌കൂളിന് പുതിയ മന്ദിരം

Published

|

Last Updated

മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം എം എ യൂസുഫലി ഉദ്ഘാടനം ചെയ്യുന്നു

കാരന്തൂര്‍: ശൈഖ് സാഇദിന്റെ നന്മയോര്‍മകള്‍ക്കുള്ള സമര്‍പ്പണമായി മര്‍കസ് ഹൈസ്‌കൂളിന് പുതിയ ഹൈടെക് കെട്ടിടം. പത്മശ്രീ എം എ യൂസുഫലി നിര്‍മിച്ച് നല്‍കിയ പുതിയ മന്ദിരം അദ്ദേഹം തന്നെ ഉദ്ഘാടനം ചെയ്തു. യു എ ഇ ഭരണാധികാരിയായിരുന്ന ശൈഖ് സാഇദ് ഓര്‍മ വര്‍ഷാചരണത്തിന്റെ ഭാഗമായിരുന്നു ചടങ്ങ്. മര്‍കസിന്റെ സാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും യു എ ഇ സര്‍ക്കാറിന്റെ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമിയുടെയും സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം.
മര്‍കസ് ഹെലിപാഡിലിറങ്ങിയ യൂസുഫലിക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. നിര്യാതരായ മാതാപിതാക്കളുടെ സ്മരണാര്‍ഥം വിശാലമായ ഓഡിറ്റോറിയവും ശ്രദ്ധേയമായ മര്‍കസ് കവാടവും യൂസുഫലി നേരത്തെ മര്‍കസിന് നിര്‍മിച്ച് നല്‍കിയിരുന്നു. കാടുപിടിച്ചു കിടന്ന ഭൂമി ലോകശ്രദ്ധനേടിയ വിദ്യാഭ്യാസ സമുച്ഛയമാക്കി മാറ്റിയ കാന്തപുരത്തിന്റെ നേതൃപാടവം ഏവരും അംഗീകരിക്കുന്നതാണെന്ന് യൂസുഫലി പറഞ്ഞു. പണ്ഡിതരോട് ചേര്‍ന്ന് നിന്ന തന്റെ മാതാപിതാക്കളുടെ മാതൃകക്കൊപ്പമാണ് തന്റെയും സഞ്ചാരം. ഈ അടുപ്പമാണ് തന്റെ ഉയര്‍ച്ചക്ക് കാരണമെന്ന വിശ്വാസവുമുണ്ട്. പണ്ഡിതര്‍ നല്‍കുന്ന നല്ലപാഠം സമൂഹത്തിന് കൈമാറാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.

അത്യാധുനിക സൗകര്യങ്ങളാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ഒരുക്കുന്നത്. ഹൈടെക് ക്ലാസ്മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലബോറട്ടറികള്‍, ജൈവ വൈവിധ്യ ഉദ്യാനം, ടാലന്റ് ലാബ് തുടങ്ങിയവ സംവിധാനിക്കും. മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ 40 ക്ലാസ് മുറികളുണ്ട്. കൂടാതെ, കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗ് ഹാള്‍ തുടങ്ങിയവയും സജ്ജീകരിക്കും.
ജനശ്രദ്ധനേടിയ മര്‍കസ് കവാടത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്‌കൂളിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്ന് യൂസുഫലി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനകം ഇതിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചു.
യു എ ഇ ഭരണാധികാരിയായിരുന്ന ശൈഖ് സാഇദിന്റെ 100ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ശൈഖ് സാഇദ് വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടത്തിന്റെ സമര്‍പ്പണം ഇതിന്റെ ഭാഗമായാണ്. ലോകം ആദരിക്കുന്ന ശൈഖ് സാഇദിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഭാവി തലമുറക്ക് വേണ്ടി ഇങ്ങിനെയൊരു ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് യൂസുഫലി പറഞ്ഞു.

Latest