Connect with us

Kerala

മര്‍കസിനെ മനംനിറഞ്ഞ് പിന്തുണച്ച് മുഖ്യമന്ത്രി

Published

|

Last Updated

മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ദേശീയോദ്്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന് ഉപഹാരം നല്‍കുന്നു

കാരന്തൂര്‍: മര്‍കസിന്റെ മതേതര മനോഭാവമാണ് ദേശീയോദ്്ഗ്രഥനത്തിനുള്ള ഏറ്റവും വലിയ ഗ്യാരന്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍കസിന്റെയും കാന്തപുരത്തിന്റെയും വിശാലവും പുരോഗമനപരവും മതേതരവുമായ മനോഭാവമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
മതന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുകയെന്ന ദൗത്യമാണ് മര്‍കസ് മുന്നോട്ടുവെക്കുന്നത്. ചെറിയ നിലയില്‍ തുടങ്ങി പടര്‍ന്ന് പന്തലിച്ച്‌നില്‍ക്കുന്ന മര്‍കസ് സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ എല്ലാപിന്തുണയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയോദ്്ഗ്രഥന സമ്മേളനത്തിലാണ് മര്‍കസിന്റെയും കാന്തപുരത്തിന്റെയും പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി ശ്ലാഘിച്ചത്്. ചെറിയ രീതിയില്‍ തുടങ്ങിയ ഒരു അനാഥലയത്തില്‍ നിന്ന് ഒരു ലക്ഷം വിദ്യാര്‍ഥികളെ സമൂഹത്തിന് സമര്‍പ്പിക്കുന്ന വലിയ ദൗത്യം പൂര്‍ത്തീകരിക്കുന്നതില്‍ എത്തിനില്‍ക്കുകയാണ്.
ആശ്രയമില്ലാത്ത അഗതികളെയാണ് ഉന്നതതലം വരെയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി മര്‍കസ് മുഖ്യധാരയിലെത്തിച്ചത്. ജാതി മത വേര്‍തിരിവ് ഇല്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എല്ലാവര്‍ക്കും കഴിയുന്നതല്ല. സമൂഹത്തെക്കുറിച്ച് മനുഷ്യത്വപരമായ കരുതലുള്ളവര്‍ക്ക് മാത്രമെ ഇതിന് കഴിയൂ. മര്‍കസ് ഈ ഗണത്തില്‍ വരുമെന്നതിന് ദൃഷ്ടാന്തങ്ങളേറെയുണ്ട്. മധ്യപൂര്‍വേഷ്യന്‍ കമ്പനികളില്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് ഒരുദാഹരണം.

വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കരുതലിന്റെ ഏറ്റവും വലിയ തെളിവാണ്. മര്‍കസ് നേടിയ വളര്‍ച്ചയാണ് താമരശ്ശേരിക്കടുത്ത് സ്ഥാപിച്ച വിജ്ഞാന നഗരം പദ്ധതി. യൂനാനി മെഡിക്കല്‍ കോളജും ലോ കോളജും ഇവിടെ പ്രവര്‍ത്തിച്ച് തുടങ്ങി. വിശ്വാസി എന്നതിനൊപ്പം പൗരന്‍ എന്ന നിര്‍വചനത്തിലേക്ക് കൂടി വിദ്യാര്‍ഥികളെ നയിക്കുകയാണ് മര്‍കസ് ചെയ്യുന്നത്.
വര്‍ഗീയവും വിഭാഗീയവുമായ ചിന്തകള്‍ക്കപ്പുറം വിദ്യാഭ്യാസം നല്‍കുകയെന്നത് ചെറിയകാര്യമല്ല. പൊതുസമൂഹത്തില്‍ പണ്ഡിതന്റെ ദൗത്യത്തെക്കുറിച്ചാണ് മര്‍കസ് പഠിപ്പിക്കുന്നത്. വര്‍ഗീയ വിഘടനവാദങ്ങളിലേക്ക് വഴിതെറ്റാന്‍ ഇടയുള്ള കശ്മീരികളെ ബോധവത്കരിച്ച് വിദ്യാഭ്യാസം നല്‍കുന്നതിലും മര്‍കസിന്റെ ശ്രദ്ധയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.